ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടികളുടെ വാർഡ് മുതൽ കാൻസർ വാർഡുകൾ വരെ കോവിഡ് 19 രോഗികൾക്കായി നൽകിയിരിക്കുകയാണ്. നോക്കുന്നിടത്തെല്ലാം ഐസിയുകളും വെന്റിലേറ്ററുകളും. കാൻസർ സർജറികൾ മുഴുവൻ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ വാർഡിലെ വർണാഭമായ കാർട്ടൂണുകളും ചിത്രങ്ങളും അങ്ങനെ തന്നെ നിലനിർത്തിയിരിക്കുന്നു, അവിടെയാവട്ടെ ശ്വാസത്തിനു വേണ്ടി പിടയുന്ന രോഗഗ്രസ്തരായ ഒരുകൂട്ടം മുതിർന്നവർ പുറംലോകം കാണാൻ കാത്തു കഴിയുന്നു.
സെൻട്രൽ ലണ്ടനിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന കണക്കുകളേക്കാൾ തിരക്കുണ്ട് ഇപ്പോൾ . കോവിഡ് തട്ടിയെടുത്ത ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കുറവല്ല. ആരോഗ്യപ്രവർത്തകർ മാനസികമായും ശാരീരികമായും ഏറെ തളർന്നിരിക്കുന്നു. ഡോക്ടർ ജിം പറയുന്നു ” ഒരാഴ്ചയ്ക്കുള്ളിൽ നമ്മൾ കേസുകൾ പരമാവധി കുറയ്ക്കണം, ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും”. ഒരു ആശുപത്രിയിൽ ഉൾക്കൊള്ളാവുന്നതിന്റെ മൂന്നിരട്ടി ഗുരുതര രോഗികളാണ് ഇപ്പോഴുള്ളത്. ഡോക്ടർ ആലീസ് കാർട്ടർ ഇപ്പോഴത്തെ അവസ്ഥയെ ഒരു ഇലാസ്റ്റിക് ബാന്റിനോട് ഉപമിക്കുന്നു. വലിഞ്ഞ് വലിഞ്ഞ് ഇനി ഒരിക്കലും തിരികെ പഴയ അവസ്ഥയിലെത്താൻ കഴിയാത്തതുപോലെ ഇപ്പോൾ തന്നെ ആയിട്ടുണ്ട്, പക്ഷേ ഇനിയും സമ്മർദ്ദം കൂടിയാൽ പൊട്ടിപ്പോകും. ഇപ്പോഴത്തെ സാഹചര്യം കണക്കുകൂട്ടിയാൽ ആ ബ്രേക്കിംഗ് പോയിന്റ് വളരെ ദൂരത്തല്ല”,ഡോക്ടർ പറഞ്ഞു.
38 കാരി ഗർഭിണിയായ റെയ്ച്ചൽ കോവിഡ് രോഗിയാണ്, 5 ആഴ്ചയ്ക്ക് അപ്പുറം ലോകം കാണേണ്ട കുഞ്ഞിനെ ഉൾപ്പെടെയാണ് ചികിത്സിക്കുന്നത്. കുഞ്ഞിന് അപകടം വരുത്തുന്ന ഒന്നും ചെയ്യാനാവില്ല, റിസ്ക് ഇരട്ടിയാണ്. എങ്കിലും കുഞ്ഞിന്റെ ഹൃദയമിടിപ്പ് അമ്മയ്ക്ക് കേൾപ്പിച്ചു കൊടുത്താണ് ആരോഗ്യപ്രവർത്തകർ സമാധാനിപ്പിക്കുന്നത്. രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നു, രോഗത്തിന്റെ തീവ്രതയും. എൻ എച്ച് എസ് ഒരു മുനമ്പിലാണ് നിൽക്കുന്നത്. ഏതു നിമിഷവും എന്തും സംഭവിക്കാം. പരമാവധി രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകാൻ ശ്രമിക്കുന്നുണ്ട്. ഡെക്സമെത്തോസീൻ പോലെയുള്ള പുതിയ മരുന്നുകൾ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഒട്ടനവധി ആരോഗ്യപ്രവർത്തകർ ആദ്യഘട്ട വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ മാനസികമായും ശാരീരികമായും ഏറെ തളർന്ന ഒരു രോഗിയുടെ അവസ്ഥയിലാണ് ഇപ്പോൾ എൻഎച്ച്എസ്. ദുഃഖ വാർത്ത അറിയിക്കാൻ ബന്ധുക്കൾക്ക് സന്ദേശം നൽകേണ്ടി വരുന്നതാണ് തങ്ങളെ ഏറ്റവുമധികം വേദനിപ്പിക്കുന്നത് എന്ന് ഹോസ്പിറ്റൽ സ്റ്റാഫ് പറയുന്നു.
Leave a Reply