സജിന.ജെ
വിരൽത്തുമ്പിലേക്ക് ലോകം ചെറുതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി മലയാളികളുടെ ജീവിതത്തിൽ ഒരുപാട് സാധ്യതൾക്കൊപ്പം തന്നെ വളരെയധികം അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. കേരളം ഇന്ന് സ്റ്റാർട്ടപ്പുകളുടെ പറുദീസയാണ്. ഏറ്റവും എടുത്തുപറയാവുന്ന ഒരു സ്റ്റാർട്ടപ്പ് ആണ് ഓൺലൈൻ ഫുഡ് ഡെലിവറി. കേരളീയർ ഭക്ഷണ പ്രിയരാണ്. അതുകൊണ്ട് തന്നെ മലയാളികളുടെ രുചിയെ നമ്മുടെ മാറിവരുന്ന ആധുനിക സംസ്കാരം പോലെ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം സ്റ്റാർട്ടപ്പുകൾ വളരെയധികം സ്വാധീനിക്കുന്നു. നഗരവൽക്കരണം, സ്മാർട്ട് ഫോണുകളുടെ എണ്ണത്തിലുള്ള വർദ്ധനവ്, നൂതനമായ സാങ്കേതിക വിദ്യകൾ, മാറി വരുന്നതും, തിരക്കേറിയതുമായ ജീവിതശൈലി, സ്ത്രീ -ശാക്തീകരണം, ഉയർന്ന് വരുന്ന ജീവിത നിലവാരം, തുടങ്ങിയവ മലയാളി ഉപഭോക്താക്കൾക്കിടയിൽ ഓൺലൈൻ ഫുഡ് ഡെലിവറിയുടെ ഉപയോഗം വർധിക്കുന്നതിന് കാരണമാകുന്നു. അതോടൊപ്പം തന്നെ സ്ത്രീകൾക്കിടയിൽ അടുക്കള പണിയിലെ സമയം ലാഭിക്കാനും, വളരെ കുറഞ്ഞ സമയത്തിൽ വീടുവാതിക്കലിൽ പാചകം ചെയ്ത ഭക്ഷണം എത്തിക്കാനും ഓൺലൈൻ ഫുഡ് ഡെലിവറിയിലൂടെ കഴിഞ്ഞു. ഇതുതന്നെയാണ് ഇത്തരം സ്റ്റാർട്ടപ്പ് മിഷനുകളെ കേരളത്തിൽ ജനപ്രിയമാക്കുന്നത്. വളർന്നുവരുന്ന ഒരു കച്ചവടമേഖല ആയതിനാൽ തന്നെ ഓൺലൈൻ ഫുഡ് ബിസിനസ് നമുക്കുമുന്നിൽ തുറന്നു വെയ്ക്കുന്നത് ഒരുപാട് പേർക്കുള്ള വരുമാനമാർഗവും, വളർന്നു വരുന്ന തലമുറകൾക്കുള്ള ജോലിസാധ്യതകളും പ്രത്യാശകളുമാണ്.
ലോകസാമ്പത്തികരംഗത്തെ പിടിച്ചുകുലുക്കിയ കോവിഡ്-19 മഹാമാരിയുടെ കാലഘട്ടത്തിൽ മറ്റെല്ലാ ബിസിനസ് രംഗത്തെയും പോലെത്തന്നെ ഹോട്ടലുകളെയും മറ്റുചെറുകിട സംരംഭങ്ങളുടെയും മേൽകനത്ത പ്രഹരമാണ് ഉണ്ടാക്കിയത്. എന്നിരുന്നാൽ കൂടി കോവിഡിനെ ചെറുത്തുനിൽക്കാൻ വേണ്ടി ഗവണ്മെന്റ് സാമൂഹിക അകലം ഒരു പുതിയ മാർഗനിർദ്ദേശമായി മുന്നോട്ടു വന്നപ്പോൾ ഓൺലൈൻ ഫുഡ് ഡെലിവറി നമുക്കുമുന്നിൽ അനവധി സാധ്യതകളാണ് തുറന്നുനൽകിയത്. നിഛലമായ ഹോട്ടൽ, തട്ടുകട തുടങ്ങിയവ ഭക്ഷണശാലകളിൽ നിന്ന് ഒരു പുത്തനുണർവ് മലയാളി ജനതയ്ക്ക് നൽകാൻ കഴിഞ്ഞു. ആൾക്കൂട്ടത്തെ ഒഴിവാക്കണമെന്നതുപോലെ തന്നെ സാമൂഹ്യ അകലം പാലിക്കുവാനും, കോവിഡ് മാനദണ്ഡങ്ങളോടുകൂടി പ്രവർത്തിക്കാനും ഓൺലൈൻ ഫുഡ് ഡെലിവെറിക്ക് കഴിഞ്ഞു. അതുപോലെ തന്നെ കോവിഡ് സമയത്ത് ജോലി നഷ്ടപെട്ട ഒരുപാട് പേർക്ക് ഒരു വരുമാനമാർഗവും, വിപണരംഗത്തു പുത്തൻ സാധ്യതകളുമാണ് ഓൺലൈൻ ഫുഡ് ഡെലിവറി ഒരുക്കിയത്. കോവിഡും, ലോക്‌ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചത് സമൂഹത്തിലെ താഴെത്തട്ടിൽ ഉള്ളവരെയാണ്. ലോക്ഡൗൺ സമയത്ത് വരുമാനം നിലച്ചത് ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ ഉപഭോഗത്തെ പ്രതിക്കൂലമായി ബാധിച്ചു.
മഹാമാരിയുടെ കാലത്ത് ക്വാററ്റീനിൽ കഴഞ്ഞവർക്ക് യാതൊരു ഭയവും കൂടാതെ വീടുവാതിക്കലിൽ ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിൽ ഓൺലൈൻ ഭക്ഷണ വിപണി വിജയിച്ചു. വരും നാളുകളിൽ ഓൺലൈൻ ഭക്ഷണ വിപണി മലയാള മണ്ണിൽ ശക്തിയോടെ വേരോടും എന്നതിൽ സംശയമില്ല.
ലോക്ഡൗണും, കോവിഡ് മഹാമാരിയും ഏതാണ്ട് കുറെയധികം മാറ്റങ്ങളും ശീലങ്ങളും മലയാളികൾക്കിടയിൽ വരുത്തിയിട്ടുണ്ട്. ഈ സാഹചര്യം ഫാസ്റ്റ്ഫുഡിനെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന പലരും ഇന്ന് കൂടുതൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് മാറുന്നതിനു കാരണമായി തീർന്നു. ലോക്ഡൗൺ പല വീടുകളിലും അടുക്കളകൾ തുറന്നു പ്രവർത്തിക്കാനും ആരോഗ്യപരമായ ഭക്ഷണശീലങ്ങളും, രുചികളും ആളുകളിൽ എത്തിക്കാൻ വഴിയൊരുക്കി. എന്നിരുന്നാലും ഓൺലൈൻ ഫുഡ് ഡെലിവറി എന്ന പുതിയ സ്റ്റാർട്ടപ്പ് മലയാളികളുടെ മനസ്സിൽ സജീവമായിരിക്കുന്നു.
സജിന.ജെ
എം.ഫിൽ സ്കോളർ, ഡിപ്പാർട്ട്മെൻറ് ഓഫ് എക്കണോമിക്സ് യൂണിവേഴ്സിറ്റി ഓഫ് കേരള
Leave a Reply