സ്വന്തം ലേഖകൻ
ലെസ്റ്റർ : കോവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് ഇംഗ്ലണ്ടിലെ കൂടുതൽ പ്രദേശങ്ങൾ ലോക്ക്ഡൗണിലേക്ക് പോകാൻ സാധ്യതയേറെ. യോർക്ക്ഷെയറിൽ വൈറസ് വ്യാപകമായി തുടരുന്നതിനാൽ ബ്രാഡ്‌ഫോർഡ്, ഡോൺകാസ്റ്റർ, ബാർൺസ്ലി എന്നിവ കോവിഡ് -19 ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയിൽ ഒന്നാമതാണെന്ന് പറയപ്പെടുന്നു. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന ഇംഗ്ലണ്ടിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും ആരോഗ്യവകുപ്പും അറിയിച്ചു. ഇംഗ്ലണ്ടിലെ 36 കോവിഡ് ഹോട്ട്‌സ്പോട്ടുകൾ വരും ദിനങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ നേരിടേണ്ടിവരുമെന്നും അവർ പറഞ്ഞു. ഏതെല്ലാം മേഖലകളിലാണ് കൂടുതൽ രോഗവ്യാപന സാധ്യതയുള്ളതെന്ന് സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പ്രസിദ്ധീകരിച്ച പട്ടികയിൽ ഒന്നാമത് ലെസ്റ്റർ ആണ്. ഇപ്പോൾ രോഗവ്യാപനം ഉയർന്നുനിൽക്കുന്ന ആദ്യ 20 പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു ; Leicester, Bradford, Barnsley, Rochdale, Bedford, Oldham, Rotherham, Tameside, Blackburn with Darwen, Kirklees, Peterborough, Luton, Derby, Kingston upon Hull, City of, Manchester, Southend-on-Sea, Leicestershire, Sheffield, Leeds, wirral.
സർക്കാരിന്റെ ഔദ്യോഗിക പരിശോധനാ കണക്കുകൾ പ്രകാരം ജൂൺ 13 നും ജൂൺ 26 നും ഇടയിൽ ലെസ്റ്ററിൽ 80 പുതിയ പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തി. എന്നാൽ പില്ലർ 2 പരിശോധനയിൽ 944 രോഗനിർണയങ്ങളുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തി. ആശുപത്രികളിലും പിഎച്ച്ഇ ലാബുകളിലും പോസിറ്റീവ് ആയ രോഗികളുടെ രോഗികളുടെ എണ്ണം പില്ലർ 1 കണക്കുകളിൽ ഉൾപ്പെടുന്നു. ടെസ്റ്റിംഗ് സെന്ററുകളിൽ തിരിച്ചറിഞ്ഞ പോസിറ്റീവ് കേസുകൾ പില്ലർ 2 എന്ന് അറിയപ്പെടുന്നു. കൊറോണ വൈറസ് കേസുകളിലെ വർദ്ധനവിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പ്രാദേശിക അധികാരികൾക്ക് നൽകണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ അവർക്ക് രോഗികളുടെ ജീവൻ രക്ഷിക്കാനും എൻഎച്ച്എസിനെ സംരക്ഷിക്കാനുമായി വേഗത്തിൽ പ്രവർത്തിക്കാൻ കഴിയും.
ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ തടയുന്നതിനായി കൗൺസിലുകൾ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ടെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷന്റെ കമ്മ്യൂണിറ്റി വെൽഫെയർ ബോർഡ് ചെയർമാൻ കൗൺസിലർ ഇയാൻ ഹഡ്‌സ്‌പെത്ത് പറഞ്ഞു. കൂടുതൽ വിവരങ്ങൾ കൗൺസിലുകളുടെ പൊതുജനാരോഗ്യ ഡയറക്ടർമാരുമായി പങ്കിടാൻ തുടങ്ങിയത് നല്ല കാര്യമാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ലോക്ക്ഡൗൺ ലഘൂകരണത്തെ തുടർന്ന് ഓരോ പ്രദേശങ്ങളിലാണ് വൈറസ് വ്യാപനം ഇപ്പോൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. വരും ദിനങ്ങളിൽ ലെസ്റ്ററിനു പിന്നാലെ നിരവധി പ്രദേശങ്ങളും പ്രാദേശിക ലോക്ക്ഡൗൺ നേരിടേണ്ടി വരുമെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
Leave a Reply