ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി ലോകം മുഴുവൻ സമസ്തമേഖലകളിലും സൃഷ്ടിച്ച പ്രതിസന്ധികൾ വളരെ ഗുരുതരമായിരുന്നു. എന്നാൽ കോവിഡ്-19 മൂലം ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളെ നേരിട്ട ഒരു മേഖല വിദ്യാഭ്യാസ രംഗമാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വീട്ടിൽ അടച്ചിരുന്ന് ഓൺലൈൻ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങൾ പുറത്തു വന്നിരുന്നു. ഇതിൽ യുകെയിലെ വിദ്യാഭ്യാസ മേഖലയിൽ കോവിഡ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് നടത്തിയ പഠനം അനുസരിച്ച് മഹാമാരി ഏറ്റവും കൂടുതൽ ഇയർ വൺ വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏകദേശം 1.47 ദശലക്ഷം കുട്ടികളെ പരിശീലിപ്പിക്കുന്ന 6,000-ത്തിലധികം പ്രൈമറി സ്കൂളുകളിൽ നിന്നുള്ള അധ്യാപകരുടെ വിലയിരുത്തലുകൾ വിദ്യാഭ്യാസ ഗവേഷകർ പരിശോധിച്ചത്തിൽനിന്നാണ് കണ്ടെത്തലുകൾ.  മഹാമാരിയുടെ സമയത്ത് യുകെയിലെ ഏറ്റവും പ്രായംകുറഞ്ഞ വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ പിന്നോക്കം പോയതായി പഠനം സൂചിപ്പിക്കുന്നു.    പഠന നിലവാരം ഏറ്റവും പ്രതിസന്ധിയിലായ വിഷയങ്ങളിൽ ഗണിതശാസ്ത്രമാണ് മുന്നിൽ. സെപ്റ്റംബറിൽ സ്കൂളുകളിൽ തിരിച്ചെത്തിയതിന് ശേഷവും തങ്ങളുടെ പഠന നിലവാരത്തിൻെറ പൂർവ്വസ്ഥിതിയിലെത്താൻ വളരെയേറെ സമയം വേണ്ടിവന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത് . ദരിദ്ര പശ്ചാത്തലത്തിലുള്ള വിദ്യാർഥികളുടെ നിലവാരം ഒന്നുകൂടി പുറകിലായതിൻെറ തെളിവുകളും പുറത്തു വന്നിട്ടുണ്ട്. മതിയായ സൗകര്യമില്ലാതെ ഓൺലൈൻ പഠനം ബുദ്ധിമുട്ടിലായ കുട്ടികളെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.