ന്യൂസ് ഡെസ്ക് മലയാളം യുകെ
ലിവിങ് വിത്ത് കോവിഡിൻെറ ഭാഗമായി ഉടൻതന്നെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിക്കുന്നതിനുള്ള നടപടികളുമായി ബ്രിട്ടൻ മുന്നോട്ട് പോകുകയാണ്. കോവിഡ് ബാധിതർ സ്വയം ഒറ്റപ്പെടണം എന്ന നിർദ്ദേശം അടുത്ത ആഴ്ച മുതൽ ഒഴിവാക്കപ്പെടുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു കഴിഞ്ഞു. രാജ്യത്ത് ശേഷിക്കുന്ന എല്ലാ വൈറസ് നിയമങ്ങളും അടുത്ത ആഴ്ച അവസാനിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചിരുന്നു.
യുകെയിൽ നിലവിൽ പോസിറ്റീവ് ആയവരും രോഗലക്ഷണമുള്ളവരും 10 ദിവസം വരെ ഒറ്റപ്പെടലിന് വിധേയരാകണം എന്നാണ് നിയമം. ഫെബ്രുവരി 12 -ന് അവസാനിക്കുന്ന ആഴ്ചയിൽ ഇംഗ്ലണ്ടിൽ 20 പേരിൽ ഒരാൾക്ക് അണുബാധയുണ്ടെന്ന കണക്കുകൾ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പുറത്തുവിട്ടിരുന്നു. യുകെയിലെ 12 വയസിനും അതിൽ കൂടുതലും ഉള്ളവരിൽ 91 % പേർക്കും വാക്സിൻെറ ആദ്യ ഡോസും 85 % പേർക്ക് രണ്ടാം ഡോസും 66 % പേർക്ക് ബൂസ്റ്റർ ഡോസോ മൂന്നാം ഡോസോ ലഭിച്ചിട്ടുണ്ട്. ഇത്രയും പേർക്ക് പ്രതിരോധ കുത്തിവെയ്പ്പുകൾ ലഭിച്ചതിൻെറ ആത്മവിശ്വാസത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താനുള്ള നീക്കവുമായി ഗവൺമെൻറ് മുന്നോട്ട് പോകുന്നത്.
എന്നാൽ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുന്നത് യുദ്ധം മുഴുവൻ തീരുന്നതിനു മുമ്പ് വിജയം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് ലേബർ പാർട്ടി മുന്നറിയിപ്പുനൽകി. സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പിസിആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം എൻഎച്ച്എസ് മേധാവികൾ രംഗത്ത് വന്നിരുന്നു.
Leave a Reply