ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിൽ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലത്തെ കണക്കുകൾ കൂടി ചേർത്ത് ആകെ 100,162 മരണങ്ങൾ രാജ്യത്ത് രേഖപ്പെടുത്തി. നേരത്തെ, മരണ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയുള്ള ഒഎൻഎസ് കണക്കുകൾ , പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം 104,000 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. സർക്കാർ കൈകൊണ്ട നടപടികളുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് ബോറിസ് ജോൺസൻ വികാരാധീനനായി പറഞ്ഞു. “ഞങ്ങളാലാവുന്നതെല്ലാം ഞങ്ങൾ ചെയ്തു. ഓരോ ജീവൻ നഷ്ടപ്പെട്ടതിൽ ഞാൻ ഖേദിക്കുന്നു.” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ കണക്കിൽ അടങ്ങിയിരിക്കുന്ന ദുഃഖം വളരെ വലിയതാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയിൽ ജീവൻ ബലിയർപ്പിച്ച് നമ്മിൽ നിന്നും വേർപിരിഞ്ഞ എല്ലാവരുടെയും കുടുംബത്തോട് ജോൺസൻ അനുശോചനം അറിയിച്ചു.
യുഎസ്, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നിവയ്ക്ക് ശേഷം 100,000 കോവിഡ് മരണങ്ങൾ സംഭവിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുകെ. മഹാമാരിയുടെ ഗുരുതരമായ നിലയിലാണ് രാജ്യമെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി അറിയിച്ചെങ്കിലും പ്രത്യാശയുടെ സന്ദേശം കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 7ന് പ്രതിദിനം 68,000 പുതിയ കേസുകൾ രേഖപ്പെടുത്തിയ നിലയിൽ നിന്ന് ഇന്നലെ 20,000 എത്തിയെന്നും ഇത് ആശ്വാസം പകരുന്ന വാർത്തയാണെന്നും ക്രിസ് അറിയിച്ചു. ജനുവരി 5 മുതൽ ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കൊറോണ വൈറസ് അണുബാധയുടെ നിരക്ക് വളരെ ഉയർന്നതാണെന്ന് ജോൺസൺ പറഞ്ഞു.
ഗുരുതരമായ അവസ്ഥയിലുള്ള കൊറോണ വൈറസ് രോഗികൾക്ക് ആശുപത്രി ചികിത്സയിലൂടെ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് പറഞ്ഞു. ബ്രിട്ടനിലും അയർലൻഡിലും ഇപ്പോൾ കോവിഡ് പോസിറ്റിവാകുന്നവരിൽ ഭൂരിഭാഗം പേരിലും പുതിയ വൈറസാണ് കാണുന്നത്. ഇത് 30 ശതമാനം കൂടുതൽ മാരകമാണ്. ഈ വൈറസ് ബാധിച്ചവരിൽ മരണനിരക്ക് മുമ്പുണ്ടായിരുന്നതിനെക്കാൾ 30 ശതമാനം കൂടുതലാണെന്ന് ബ്രിട്ടീഷ് മുഖ്യശാസ്ത്രഉപദേശകൻ പാട്രിക് വാലൻസ് പറഞ്ഞു. കൊടിയ തണുപ്പും പുതിയ വൈറസിന്റെ അതിവേഗ വ്യാപനവും യുകെയ്ക്ക് സമ്മാനിച്ചത് വലിയ ദുരന്തമാണ്. അതിൽ നിന്നും കരകയറാനുള്ള തീവ്രശ്രമത്തിലാണ് രാജ്യം.
Leave a Reply