ഒമിക്രോൺ വ്യാപന സാഹചര്യത്തില്‍ ലോകം നേരിടാനിരിക്കുന്നത് കൊവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒന്നിച്ച് ഉയർത്തുന്ന ഭീഷണി വലുതാണെന്നും ഇതിനകം തളർന്നിരിക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ക്ക് വലിയ പ്രതിസന്ധി കാലമാണ് മുന്നോട്ടുള്ളതെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനം മുന്നറിയിപ്പ് നൽകി.ഡെൽറ്റ വകഭേദത്തോടൊപ്പം അതി തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നതോടെ അത് കൊവിഡ് സുനാമിക്ക് കാരണമാകും പുതിയ കൊവിഡ് കേസുകളുടെ എണ്ണം റെക്കോർഡ് ഉയരത്തിലേക്ക് വർദ്ധിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യപ്രവർത്തകർക്കിടയില്‍ അതിവേഗം രോഗവ്യാപനമുണ്ടാകുന്ന നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങളുടെ താളം തെറ്റും, ടെഡ്രോസ് അഡാനം പറഞ്ഞു.
ഇത് ആഗോള തലത്തില്‍ മരണനിരക്കിലും കുത്തനെയുള്ള വർദ്ധനവിന് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നത്. ഒമിക്രോണിന് ഡെല്‍റ്റയുടേതിന് സമാനമായ തീവ്ര വ്യാപനമുണ്ടാകില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നതെങ്കിലും പഠനങ്ങള്‍ തുടരുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം സാധ്യമല്ലെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ആശങ്ക പങ്കുവെച്ചത്.
കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റ് രാജ്യങ്ങളിലേക്കും പടർന്ന വകഭേദത്തിന്റെ അതിവേഗ വ്യാപനത്തിനാണ് യുഎസും ഫ്രാന്‍സ് ഉള്‍പ്പടെയുള്ല യൂറോപ്യന്‍ രാജ്യങ്ങളും സാക്ഷ്യം വഹിക്കുന്നത്. ആഗോള കൊവിഡ് നിരക്കില്‍ 11 ശതമാനത്തിന്റെ ഉയർച്ചയാണ് കഴിഞ്ഞയാഴ്ച ഉണ്ടായിരിക്കുന്നത്. വാക്സിൻ എടുത്തവരിലും രോഗം വന്നുപോയവരിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ വാക്സിന്‍ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുകയെന്നും ടെഡ്രോസ് അഡാനം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ ലോകാരോഗ്യസംഘടനയിൽ അംഗങ്ങളായ 194 രാജ്യങ്ങളിൽ 92 രാജ്യങ്ങളിലെ 40 ശതമാനം പേർക്കും വാക്സിനേഷന്‍ പൂർത്തീകരിച്ചിട്ടില്ല എന്നത് അപമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 ജൂലൈയോടെ ലോകത്തെ 70 ശതമാനം പേർക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യയിലും ഒമിക്രോൺ ആശങ്ക വിതക്കുകയാണ്. രാജ്യത്ത് 900 പേർക്ക് ഇതുവരെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
Leave a Reply