ന്യൂസ് ഡെസ്ക് , മലയാളം യുകെ

ക്രിസ്മസ് കാലം അടുത്തപ്പോഴേക്കും യൂറോപ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരണമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ക്രിസ്മസ് ആഘോഷത്തിന് ശേഷം രോഗവ്യാപനം ഉണ്ടാകുമെന്ന സാധ്യത നിലനിൽക്കുന്നതിനാൽ ഏറെ ജാഗ്രതയോടെ പെരുമാറാൻ പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അതേസമയം നിയന്ത്രണം കടുപ്പിച്ച രാജ്യങ്ങളുമുണ്ട്.

നെതർലാന്റ്സ്: അഞ്ച് ആഴ്ചത്തെ ലോക്ക്ഡൗൺ

ഡിസംബർ 15 മുതൽ ജനുവരി 19 വരെ അഞ്ച് ആഴ്ചത്തേക്ക് രാജ്യം അടച്ചിടുമെന്ന പ്രധാനമന്ത്രി മാർക്ക് റുട്ടെ അറിയിച്ചു. എല്ലാ സ്കൂളുകളും അനിവാര്യമല്ലാത്ത കടകളും മറ്റ് പൊതുവേദികളും അടയ്ക്കും. മാർച്ച് പകുതി വരെ വിദേശത്ത് അനാവശ്യ യാത്രകൾ ബുക്ക് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ പ്രഖ്യാപനം. അടുത്തിടെ ഒരു ദിവസം 10,000 ത്തോളം കേസുകൾ രേഖപ്പെടുത്തിയിരുന്നു. ക്രിസ്മസ് നാളുകളിൽ മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്.

യുകെ: താൽക്കാലിക ‘ക്രിസ്മസ് ബബിൾസ്’

ഡിസംബർ 23 നും 27 നും ഇടയിൽ ( വടക്കൻ അയർലണ്ടിൽ ഡിസംബർ 22 മുതൽ 28 വരെ) യാത്രാ നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ല. രണ്ട് വീടുകളിൽ നിന്നുള്ളവർക്ക് രാത്രി ഒരുമിച്ച് കഴിയാൻ അനുവാദമുണ്ട്. ക്രിസ്മസ് ബബിളിൽ യുകെയിൽ പരമാവധി മൂന്ന് വീടുകളെയോ സ്കോട്ട്ലൻഡിൽ എട്ട് ആളുകളെയൊ ഉൾപ്പെടുത്താം. ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും സന്ദർശനം നടത്താൻ അനുവാദമുണ്ട്. ഡിസംബർ 16 മുതൽ ഡെലിവറി, ടേക്ക്‌അവേ ഒഴികെ പബ്ബുകളും റെസ്റ്റോറന്റുകളും അടയ്ക്കും, കൂടാതെ മിക്ക ഇൻഡോർ വിനോദ വേദികളും സ്പോർട്സ് സ്റ്റേഡിയങ്ങളും അടയ്ക്കും.

ഇറ്റലി: ക്രിസ്മസ് മാർക്കറ്റുകൾ ഇല്ല. രാജ്യവ്യാപകമായി കർഫ്യൂ

മാർച്ച് അവസാനം മുതൽ ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത്. ക്രിസ്മസ് രാവിൽ ഒത്തുചേരലുകളും ആലിംഗനങ്ങളും ചുംബനങ്ങളും ഇല്ലാതെ ശാന്തമായി മുന്നോട്ട് നീങ്ങണമെന്ന് പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പറഞ്ഞു. പല ഇറ്റാലിയൻ പ്രദേശങ്ങളും ഭാഗികമായി പൂട്ടിയിരിക്കുകയാണ്. ഡിസംബർ 21 മുതൽ ജനുവരി 6 വരെ വിവിധ പ്രദേശങ്ങൾക്കിടയിലുള്ള യാത്രാ വിലക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക യാത്രാ നിരോധനത്തിന് മുകളിൽ ക്രിസ്മസ് ദിനം, ബോക്സിംഗ് ദിനം, പുതുവത്സര ദിനം എന്നീ അവസരങ്ങളിൽ ആളുകൾക്ക് അവരുടെ സ്വന്തം പട്ടണം വിട്ടു പുറത്തുപോകാൻ അനുവാദമില്ല.

ഫ്രാൻസ്: ക്രിസ്മസിന് യാത്രാ വിലക്കുകൾ നീക്കി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദേശീയ ലോക്ക്ഡൗണിന് ശേഷം, നവംബർ 28 മുതൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. എങ്കിലും ഡിസംബർ 15 വരെ ഭൂരിഭാഗം നിയന്ത്രണങ്ങളും നിലനിന്നു. ഇതിനുശേഷം ഫ്രാൻസിലെ യാത്രാ നിയന്ത്രണങ്ങൾ നീക്കംചെയ്തിട്ടുണ്ട്. അതായത് ക്രിസ്മസ് നാളുകളിൽ ആളുകൾക്ക് അവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ കഴിയും. രാത്രി 10 മണി മുതൽ രാജ്യവ്യാപകമായി കർഫ്യൂ ഉണ്ടെങ്കിലും ക്രിസ്മസ് രാവിൽ ഇത് നീക്കം ചെയ്യും. പക്ഷേ പുതുവത്സരാഘോഷമില്ല. ബാറുകളും റെസ്റ്റോറന്റുകളും പോലെ തിയേറ്ററുകളും സിനിമാശാലകളും അടച്ചിടും.

ജർമ്മനി: കടുത്ത നിയന്ത്രണങ്ങൾ

കേസുകൾ കുത്തനെ ഉയർന്നതിനാൽ ക്രിസ്മസ് നാളുകളിൽ ജർമ്മനി കടുത്ത ലോക്ക്ഡൗണിലേക്ക് പ്രവേശിക്കും. ഡിസംബർ 16 മുതൽ ജനുവരി 10 വരെ നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ സമയത്ത് അവശ്യമല്ലാത്ത കടകളും സ്കൂളുകളും രാജ്യവ്യാപകമായി അടയ്ക്കും. ക്രിസ്മസ് ഷോപ്പിംഗിൽ സാമൂഹ്യ സമ്പർക്കം ഗണ്യമായി വർദ്ധിച്ചതായി ചാൻസലർ ഏഞ്ചല മെർക്കൽ കുറ്റപ്പെടുത്തി. രണ്ടിൽ കൂടുതൽ വീടുകളിൽ നിന്ന് പരമാവധി അഞ്ച് പേരെ ഒരു വീട്ടിൽ ഒത്തുകൂടാൻ നിലവിൽ അനുവദിച്ചിരിക്കുന്നു. എന്നാൽ ഈ പരിധി ഡിസംബർ 24 മുതൽ 26 വരെ ഇളവ് ചെയ്യും. ജർമ്മനിയിലെ മിക്ക പ്രധാന ക്രിസ്മസ് വിപണികളും ഇതിനകം റദ്ദാക്കിയിട്ടുണ്ട്.

സ്‌പെയിൻ: പരിമിതമായ ഒത്തുചേരലുകൾ

ഡിസംബർ 23 നും ജനുവരി 6 നും ഇടയിൽ ആളുകൾ‌ക്ക് സുഹൃത്തുക്കളെയും കുടുംബത്തെയും സന്ദർ‌ശിക്കുവാനായി പ്രദേശങ്ങൾ‌ക്കിടയിലൂടെ യാത്ര ചെയ്യാൻ അനുവാദമുണ്ട്. ക്രിസ്മസ് ഈവ്, ക്രിസ്മസ് ദിനം, പുതുവത്സര ദിനം എന്നീ അവസരങ്ങളിൽ സാമൂഹിക ഒത്തുചേരലുകൾ 10 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും.

ഓസ്ട്രിയ: ഹോട്ടലുകൾ അടച്ചിട്ടു. പരിശോധന വർധിപ്പിച്ചു.

ഡിസംബർ 7 ന് ഓസ്ട്രിയ രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണിൽ നിന്ന് പുറത്തുവന്നു. തുടർന്ന് ക്രിസ്മസിന് മുന്നോടിയായി നിയന്ത്രണങ്ങൾ ലഘൂകരിച്ചു. അവശ്യമല്ലാത്ത കടകളും മറ്റ് ബിസിനസ്സുകളും വീണ്ടും തുറന്നു. എന്നിരുന്നാലും, ഉത്സവനാളുകളിൽ റെസ്റ്റോറന്റുകളും ബാറുകളും അടച്ചിടും. രാജ്യത്തെ പരമ്പരാഗത ക്രിസ്മസ് വിപണികളും അടയ്ക്കും. ബിസിനസ്സിൽ യാത്ര ചെയ്യുന്നവർക്കായി മാത്രമേ ഹോട്ടലുകൾ തുറക്കൂ. കുറഞ്ഞത് എഴുപത് ലക്ഷം ആന്റിജൻ ടെസ്റ്റുകൾക്ക് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

റഷ്യ: പ്രായമായവർ സ്വയം ഒറ്റപ്പെടുന്നു.

മോസ്കോയുടെ വാർഷിക ക്രിസ്മസ്, ന്യൂ ഇയർ ഫെസ്റ്റിവൽ റദ്ദാക്കപ്പെടുമെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ മോസ്കോയിൽ ജനുവരി 15 വരെ നീണ്ടുനിൽക്കുന്ന പുതിയ നടപടികൾ അധികൃതർ പ്രഖ്യാപിച്ചു. 65 വയസ്സിനു മുകളിലുള്ളവരും ഉയർന്ന അപകടസാധ്യതയുള്ളവരും ഈ തീയതി വരെ സ്വയം ഒറ്റപ്പെടണം. സമീപ ആഴ്ചകളിൽ റഷ്യയിൽ കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു.