മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് സി.പി.എം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയെന്ന് പൊലീസ്. പ്രാദേശിക സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ക്വട്ടേഷന് കാരണം. അഞ്ചുപ്രതികളില്‍ ഇനി മൂന്നുപേര്‍ കൂടി അറസ്റ്റിലാകാനുണ്ട്. പിടിയിലായവരെ ഇന്ന് മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും.
കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നുമാണ് കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴി. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയുള്ള ക്വട്ടേഷനാണ് കൊലപാതകമെന്ന് പൊലീസും വ്യക്തമാക്കി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേരില്‍ ഇനി മൂന്നുപേരാണ് അറസ്റ്റിലാകാനുള്ളത്. ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കളായ രണ്ടുപേര്‍ക്കും ഡ്രൈവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. അതേസമയം അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരിയേയും രജിന്‍ രാജിനെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. രാവിലെ പത്തരയോടെയാണ് ഇരുവരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ മാലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതികളുെട അറസ്റ്റ് രാത്രി പത്തരയോടെയാണ് രേഖപ്പെടുത്തിയത്. ഒന്നരവര്‍ഷം മുന്‍പ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് രണ്ടുപേരും.
എന്നാല്‍ അറസ്റ്റിലായവര്‍ ഡമ്മി പ്രതികളാണെന്ന ആരോപണത്തില്‍ ഉറച്ചുനല്‍ക്കുകയാണ് കോണ്‍ഗ്രസ്. കേസ് അട്ടിമറിക്കാന്‍ ഉദ്യോഗ്സ്ഥര്‍ കൂട്ടുനില്‍ക്കുന്നതായി കണ്ണൂര്‍ ജില്ലാ നേതൃത്വം ആരോപിച്ചു. വധത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ല വാദത്തില്‍ സി.പി.എമ്മും ഉറച്ചുനല്‍ക്കുന്നു. കണ്ണൂരില്‍ ബുധനാഴ്ച മന്ത്രി എ.കെ. ബാലന്‍റെ അധ്യക്ഷതയില്‍ സമാധാനയോഗം ചേരാനും തീരുമാനമായി.
അന്വേഷണ ഉദ്യോഗസ്ഥനായ ഇരിട്ടി ഡിവൈഎസ്പി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ആരോപണം. എസ്.പി ലീവില്‍പോയത് ഇതില്‍ മനംമടുത്താണെന്നും ജില്ലാ നേതൃത്വം ആരോപിച്ചു.
യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന്‍ കണ്ണൂരും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിനു മുന്നിലും ഉപവാസസമരം തുടങ്ങി. ബുധനാഴ്ച മന്ത്രി എ.കെ. ബാലന്‍റെ അധ്യക്ഷതയില്‍ ചേരുന്ന സമാധാനയോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും.
വധവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം ഇന്നും ആവര്‍ത്തിച്ചു. പൊലീസ് അന്വേഷണത്തില്‍ ഇടപെടലുകള്‍ ഉണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Leave a Reply