ലണ്ടന്‍: ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ കൂടുതല്‍ പണം ആവശ്യമാണെന്ന് മെട്രോപോളിറ്റന്‍ പോലീസ്. തലസ്ഥാന നഗരത്തിന്റെ സുരക്ഷാ ചുമതലയുള്ള മെറ്റ് പോലീസ് കമ്മീഷണര്‍ ക്രെസിഡ ഡിക്ക് ആണ് ഈ ആവശ്യം ഉന്നയിച്ചത്. വെസ്റ്റ്മിന്‍സ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ്, ഫിന്‍സ്ബറി പാര്‍ക്ക് എന്നിവിടങ്ങളിലായി അടുത്തിടെ മൂന്ന് ഭീകരാക്രമണങ്ങളാണ് ലണ്ടനില്‍ അരങ്ങേറിയത്. തന്റെ പോലീസ് സേന സാമ്പത്തികമായി തകര്‍ച്ചയുടെ വക്കിലാണെന്നും കര്‍ത്തവ്യ നിര്‍വഹണത്തിന് കൂടുതല്‍ പണം ആവശ്യമാണെന്നും ഡിക്ക് വ്യക്തമാക്കി.

ഹോം ഓഫീസുമായും മേയറുമായും ഇക്കാര്യം താന്‍ ചര്‍ച്ച ചെയ്തതായി അവര്‍ പറഞ്ഞു. ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ വെട്ടിക്കുറയ്ക്കലുകളും ഫണ്ടിംഗില്‍ ഭാവിയില്‍ വരാനിരിക്കുന്ന മാറ്റങ്ങളും സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് മറ്റ് ചീഫ് കോണ്‍സ്റ്റബിള്‍മാരും മുന്നറിയിപ്പ് നല്‍കി. തീവ്രവാദ വിരുദ്ധ സേനയുടെ തലവന്‍ മാര്‍ക്ക് റൗളിയും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഹോം സെക്രട്ടറി ആംബര്‍ റൂഡിന് കത്തയച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളെ ചൂഷണം ചെയ്ത സംഭവങ്ങളും ആസൂത്രിത കുറ്റകൃത്യങ്ങളും അന്വേഷിക്കുന്ന സംഘങ്ങളെ അതില്‍ നിന്ന് മാറ്റി തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്നതിലുള്ള ആശങ്കയും റൗളി അറിയിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വരുത്തിയ വെട്ടിക്കുറയ്ക്കലുകള്‍ മൂലം ഇപ്പോളുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ പോലീസിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടുകയാണെന്ന് ലാന്‍കാഷയര്‍ ചീഫ് കോണ്‍സ്റ്റബിളായ സ്റ്റീവ് ഫിന്നിഗനും കുറ്റപ്പെടുത്തുന്നു.