ഇന്ത്യയിൽ നിന്നെത്തുന്ന ചരക്കുവിമാനങ്ങളിൽ ഗൾഫ് നാടുകളിൽനിന്ന് പ്രവാസികളുടെ മൃതദേഹങ്ങൾ അയക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ വിലക്ക്.
അടിയന്തരാവശ്യങ്ങളുള്ള പ്രവാസികൾക്കുവേണ്ടി പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന മുറവിളി ശക്തമാകുന്നതിനിടയിലാണ് മൃതദേഹങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞദിവസം ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ചെന്നൈയിലേക്കയച്ച രണ്ട് മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ടുകൊടുക്കാനായിട്ടില്ല. മൃതദേഹങ്ങൾ ചെെന്നെ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ കിടക്കുകയാണ്. ഇറക്കിയ വിമാനം ദുബായിൽ തിരിച്ചെത്തി.
റാസൽഖൈമയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് അയക്കാനായി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ദുബായ് വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ് പുതിയ വിലക്കിനെക്കുറിച്ച് അറിയുന്നത്. കുവൈത്തിൽ മരിച്ച മാവേലിക്കര സ്വദേശി വർഗീസ് ജോർജ്, കോഴിക്കോട് മണിയൂർ സ്വദേശി വിനോദ് എന്നിവരുടെ മൃതദേഹങ്ങൾ കുവൈത്ത് വിമാനത്താവളത്തിൽ എത്തിച്ചപ്പോഴും ഇത് ആവർത്തിച്ചു. മൃതദേഹങ്ങൾ കയറ്റാൻ പാടില്ലെന്ന നിർദേശമുണ്ടെന്നാണ് വിമാനക്കമ്പനി അധികൃതർ പറഞ്ഞത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ഇതിന് ആവശ്യമാണെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ എല്ലാ വിമാനത്താവളങ്ങളിലേക്കും വാക്കാൽ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഈ നടപടി താത്‌കാലികമാണെന്നും മൃതദേഹങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച മാർഗരേഖ തയ്യാറാക്കുന്നതിനായുള്ള നടപടിക്രമത്തിന്റെ ഭാഗമായാണ് വിലക്കെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.
ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെല്ലാം നിശ്ചലമായതോടെയാണ് ഗൾഫ് നാടുകളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള വഴികളെല്ലാം അടഞ്ഞത്. പല മൃതദേഹങ്ങളും ഉറ്റവർക്ക് അവസാനമായൊന്ന് കാണാൻപോലും അവസരം ലഭിക്കാതെ ഗൾഫ് മണ്ണിൽ സംസ്കരിക്കുകയായിരുന്നു. അതിനിടെയാണ് ചെറിയൊരു ആശ്വാസമായി ഇന്ത്യയിൽനിന്ന് എത്തുന്ന ചരക്കുവിമാനങ്ങൾ തിരിച്ചുപോകുമ്പോൾ മൃതദേഹങ്ങളും കയറ്റിയയക്കാൻ അനുമതിയായത്. അതനുസരിച്ച് നിത്യവും രണ്ടും മൂന്നും മൃതദേഹങ്ങൾ ഇന്ത്യയിലെ പല നഗരങ്ങളിലേക്കും കൊണ്ടുപോകാനായി. പൂർണമായും അണുവിമുക്തമാണെന്ന സർട്ടിഫിക്കറ്റുമായാണ് ഗൾഫ് നാടുകളിൽനിന്നുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചുകൊണ്ടിരുന്നത്.
Leave a Reply