കോഴിക്കോട്: മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണം ദുരൂഹമാണെന്ന് വ്യക്തമായതോടെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ഡിവൈഎസ്പി ഷാജ് ജോസിനാണ് അന്വേഷണ ചുമതല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റുവെന്ന് വ്യക്തമായിരുന്നു. ഇതാണ് ദുരൂഹതയ്ക്ക് കാരണമായിരിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ ഫോറൻസിക് സംഘത്തിന്റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെത്തി റൂറൽ എസ്പിയാണ് മൊഴി ശേഖരിച്ചത്. വിശദമായ മൊഴിയ്ക്കായി എസ്പി ഡോക്ടർമാരെ ഒപ്പം കൂട്ടിയാണ് മെഡിക്കൽ കോളജിൽ നിന്നും മടങ്ങിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് ചെക്യാട് കുളിപ്പാറയിലെ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് മറ്റ് പ്രതികളും ഒളിവിൽ താമസിച്ചിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് മരണത്തിൽ ദുരൂഹത ഏറിയത്. മൃതദേഹം കണ്ടെത്തിയ തോട്ടത്തിലും സമീപ പ്രദേശങ്ങളിലും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
പ്രതി ജീവനൊടുക്കിയതാണെന്ന് കരുതുന്നില്ലെന്നും കൊന്ന് കെട്ടിത്തൂക്കിയതാകാമെന്നും കെ.സുധാകരൻ എംപി ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ സിപിഎം ഇത്തരം കൃത്യങ്ങൾ നടത്തുമെന്നായിരുന്നു സുധാകരന്റെ ആരോപണം.
Leave a Reply