ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ യുകെയിലെ ഹൈസ്ട്രീറ്റുകളിലൊട്ടാകെ പ്രവർത്തിക്കുന്ന മിനി മാർട്ടുകളിൽ അനധികൃത കുടിയേറ്റക്കാരെ ജോലി ചെയ്യാൻ സഹായിക്കുന്ന വലിയ മാഫിയ സംഘങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. പല സ്ഥാപനങ്ങളും വ്യാജ പേരിലാണ് ഈ കടകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇവർക്ക് കടകളുടെ പ്രവർത്തനവുമായി യാതൊരു ബന്ധവുമില്ല. ഡണ്ടിയിൽ നിന്ന് ഡെവൺവരെ നൂറിലധികം കടകളും ബാർബർ ഷോപ്പുകളും കാർവാഷുകളും ഈ ശൃംഖലയുമായി ബന്ധപ്പെട്ടതായി അന്വേഷണം കണ്ടെത്തി.

സ്റ്റുഡന്റ് വിസയിലും ടൂറിസ്റ്റ് വിസയിലുമായി ബ്രിട്ടനിലെത്തുന്നവരെയും ഈ മാഫിയ സംഘം അനധികൃതമായി ജോലി ചെയ്യിക്കുന്നു എന്നാണ് അന്വേഷണം വെളിപ്പെടുത്തുന്നത് . ഇത്തരം തൊഴിലാളികൾക്ക് ശരാശരി മണിക്കൂറിന് £4 മാത്രം നൽകുന്നുവെന്നും, ദിവസത്തിൽ 14 മണിക്കൂർവരെ ജോലി ചെയ്യിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പലരും വിസ നിബന്ധനകൾ ലംഘിച്ചുകൊണ്ടാണ് കടകളിൽ ജോലി ചെയ്യുന്നത്. ഈ സംഘങ്ങൾ കുടിയേറ്റ നിയമങ്ങൾ മറികടക്കാൻ വ്യാജ ഡയറക്ടർമാരെയും വ്യാജ രേഖകളെയും ഉപയോഗിക്കുന്നു.

അനധികൃത തൊഴിലും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും യുകെയിലേക്കുള്ള അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത്തരം പ്രവണതകളെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പ്രതികരിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള റെയ്ഡുകൾ 51% വർധിപ്പിച്ചിട്ടുണ്ടെന്നും അനധികൃതമായി ജോലി ചെയ്യുന്ന ഓരോരുത്തർക്കും £60,000 വരെ പിഴ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.











Leave a Reply