ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അമ്മയുടെ മരണവാർത്ത അറിഞ്ഞ് യുകെയിൽ എത്തിയ മകൾക്ക് മാഞ്ചസ്റ്ററിൽ അംഗീകൃത താമസസൗകര്യമില്ലാത്തതിനാൽ ലണ്ടൻ ഹോട്ടലിൽ 10 ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വരും. മുത്തശ്ശി ശനിയാഴ്ച അന്തരിച്ചതിനെത്തുടർന്ന് യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് മടങ്ങിയെത്തിയ 44കാരിയായ ക്ലെയർ ഡേവിസ്, സർക്കാരിന്റെ ക്വാറന്റീൻ നിയമങ്ങൾ മനുഷ്യത്വരഹിതമാണെന്ന് കുറ്റപ്പെടുത്തി. മാഞ്ചസ്റ്ററിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും താമസ സൗകര്യം ലഭ്യമല്ലാത്തതിനാൽ 10 ദിവസം ഹീത്രൂവിനടുത്തുള്ള ഒരു ഹോട്ടലിൽ അവൾക്ക് ചെലവഴിക്കേണ്ടിവരും. സർക്കാരിന്റെ ഈ നിയമങ്ങൾ കാരണം തനിക്ക് ഫ്ലൈറ്റ് റീ ബുക്ക് ചെയ്യേണ്ടിവന്നുവെന്ന് എൻഎച്ച്എസിനായി ഒരു പതിറ്റാണ്ട് ജോലി ചെയ്ത ക്ലെയർ പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ചയാണ് നോർത്ത് മാഞ്ചസ്റ്റർ ആശുപത്രിയിൽ വെച്ച് അമ്മ ജോവാൻ (68) അന്തരിച്ചത്. ”എനിക്ക് യുകെയിലേക്ക് നേരിട്ട് വിമാനം കയറാൻ കഴിഞ്ഞില്ല. മാഞ്ചസ്റ്ററിലേക്ക് ഞാൻ ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ അവിടെ ക്വാറന്റീനിൽ കഴിയാൻ ആവശ്യമായ ഹോട്ടലുകൾ ഇല്ലെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഫ്ലൈറ്റ് റദ്ദാക്കേണ്ടിവന്നു. നൽകിയ പണം തിരികെ ലഭിച്ചില്ല. ഒരു വൗച്ചർ മാത്രമാണ് ലഭിച്ചത്. ഞാൻ ഹീത്രോയിലേക്ക് മറ്റൊരു ഫ്ലൈറ്റ് ബുക്ക് ചെയ്യുകയും ഹോട്ടലിനായി 1,750 ഡോളർ നൽകുകയും ചെയ്തു.” ക്ലെയർ വെളിപ്പെടുത്തി.
“ഞാൻ ഏകമകളാണ്. പത്തു ദിവസം ഹോട്ടലിൽ ഒറ്റയ്ക്കിരുന്ന് ഞാൻ ദുഃഖമനുഭവിക്കേണ്ടി വരും. ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ടിട്ടും യാതൊരു ഇളവുകളും ലഭിച്ചില്ല. ” ക്ലെയർ തുറന്നുപറഞ്ഞു. ക്വാറന്റീൻ സൗകര്യങ്ങളുടെ അഭാവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ആണ് ഉയരുന്നത്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഹീത്രോ, ഗാറ്റ്വിക്ക്, ലണ്ടൻ സിറ്റി എയർപോർട്ട്, ബർമിംഗ്ഹാം എയർപോർട്ട്, ഫാർൺബറോ എയർപോർട്ട്, ഏതെങ്കിലും സൈനിക എയർഫീൽഡ്, തുറമുഖം എന്നിവിടങ്ങളിലേക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ.
Leave a Reply