എത്യോപ്യയിലെ തടാകത്തില്‍ മാമോദീസാ ശുശ്രൂഷ നടത്താനെത്തിയ പുരോഹിതനെ മുതല കൊന്നു. വേറെ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
തെക്കന്‍ എത്യോപ്യയില്‍ മെര്‍ക്കെബ് തബ്യയിലെ അബയ തടാകക്കരയില്‍ മാമോദീസാചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കാനെത്തിയ പുരോഹിതന്‍ ഡോച്ചോ എഷീതാണ് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഒപ്പമുണ്ടായിരുന്നവര്‍ പുരോഹിതനെ രക്ഷിക്കാന്‍ കഠിന ശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഞായറാഴ്ച രാവിലെ നടക്കുന്ന മാമോദീസ ചടങ്ങില്‍ എണ്‍പതോളം പേര്‍ എത്തിയിരുന്നു. തടാകക്കരയില്‍ ചടങ്ങുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കവെ അപ്രതീക്ഷിതമായി മുതല കടന്നാക്രമിക്കുകയായിരുന്നു. തടാകത്തില്‍ നിന്ന് പൊങ്ങിയ മുതല ഉടന്‍ തന്നെ പുരോഹിതനെ കടിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. ചടങ്ങിനെത്തിയവരെല്ലാം മുതലയുടെ ആക്രമണത്തിന് സാക്ഷിയായിരുന്നു. ഇവരാണ് സംഭവം പറഞ്ഞത്.
ഈ തടാകത്തിലെ മുതലകള്‍ സാധാരണ ഗതിയില്‍ ആക്രമണകാരികളല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തടാകത്തില്‍ മത്സ്യങ്ങള്‍ കുറഞ്ഞതോടെ ഭക്ഷ്യ ക്ഷാമം നേരിട്ടതാണ് മുതലകള്‍ മനുഷ്യനെ ആക്രമിക്കാന്‍ ഇടയാക്കിയതെന്നും അവര്‍ പറഞ്ഞു.
Leave a Reply