ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഏഴ് നവജാത ശിശുക്കളെ അതിക്രൂരമായി കൊന്ന നേഴ്സ് ലൂസി ലെറ്റ്ബിക്ക് ജീവിതാവസാനം വരെ ജയിൽശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. പരോൾ ലഭിക്കില്ല. യുകെ ചരിത്രത്തിൽ ഇത്തരമൊരു ശിക്ഷ ലഭിക്കുന്ന നാലാമത്തെ വനിതയാണ് ലൂസി. അതിക്രൂരവും കരുതിക്കൂട്ടിയുമുള്ള കൊലപാതകമായതിനാൽ ലൂസി ദയ അർഹക്കുന്നില്ലെന്ന് ശിക്ഷ വിധിച്ച് മാഞ്ചസ്റ്റർ ക്രൗൺ കോടതി ജഡ്ജി ജെയിംസ് ഗോസ് പറഞ്ഞു. ശിക്ഷാവിധി കേൾക്കാൻ ലൂസിയെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. കോടതിയിൽ എത്താൻ അവർ വിസമ്മതിക്കുകയായിരുന്നു. കുറ്റവാളികളെ ശിക്ഷാവിധി കേൾക്കാൻ നിർബന്ധമായും ഹാജരാക്കാൻ, നിയമം ഭേദഗതി ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

വിചാരണയ്ക്കിടെ പ്രതിയ്ക്ക് യാതൊരുവിധത്തിലുമുള്ള മനസ്സാക്ഷികുത്തോ, പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്ന് കോടതി പറഞ്ഞു. വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ദ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നേഴ്സായിരുന്നു 33കാരിയായ ലൂസി. 2015 ജൂണിനും 2016 ജൂണിനും ഇടയ്ക്കാണ് ലൂസി പിഞ്ചുക്കുഞ്ഞുങ്ങളെ ക്രൂരമായി കൊന്നത്. ആറ് കുഞ്ഞുങ്ങളെ കൊല്ലാനും ശ്രമിച്ചെന്ന് കണ്ടെത്തി. രോഗം ബാധിച്ചതോ പൂർണവളർച്ചയെത്തും മുമ്പ് ജനിച്ചതോ ആയ കുഞ്ഞുങ്ങളെ അമിതമായി പാലു കുടിപ്പിച്ചും, സിരകളിലും വയറ്റിലും വായുവും ഇൻസുലിനും കുത്തിവച്ചുമാണ് ലൂസി കൊന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച വിചാരണയ്ക്കൊടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച ലൂസി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2018 മുതൽ രണ്ട് തവണ അറസ്റ്റിലായെങ്കിലും ലൂസി മോചിതയായി. ഒടുവിൽ 2020 -ലെ മൂന്നാം അറസ്റ്റിൽ ലൂസിക്കെതിരെ കുറ്റംചുമത്തി കസ്റ്റഡിയിലെടുത്തു. എന്നാൽ ആദ്യം കുറ്റം സമ്മതിച്ചില്ല. ഓരോ കൊലയ്ക്ക് ശേഷവും അതിനെപ്പറ്റി വിവരിക്കുന്ന കുറിപ്പുകൾ പൊലീസ് അവരുടെ വീട്ടിൽ നിന്ന് കണ്ടെത്തി. അതിലെ കൈയക്ഷരം ലൂസിയുടേതെന്ന് തെളിഞ്ഞു.

2015 -ൽ ആശുപത്രിയിലെ ഡോക്ടറായ സ്റ്റീഫൻ ബ്രിയറിയും തൊട്ടടുത്ത വർഷം ഇന്ത്യൻ വംശജനായ ഡോ. രവി ജയറാമും കുട്ടികളുടെ മരണത്തിൽ ലൂസിക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ, അകാരണമായി ജീവനക്കാരെ സംശയിക്കരുതെന്നായിരുന്നു മാനേജ്മെന്റിന്റെ പക്ഷം. 2017 ഏപ്രിലിൽ പൊലീസിനെ കാണാൻ ഡോക്ടർമാർക്ക് മാനേജ്മെന്റ് അനുമതി നൽകിയതോടെയാണ് ലൂസിയുടെ ക്രൂരതയുടെ ചുരുളഴിഞ്ഞത്.

കൂടുതൽ ഇരകൾ?

ലൂസി ലെറ്റ്ബി കൂടുതൽ കുഞ്ഞുങ്ങളെ ഉപദ്രവിച്ചോയെന്ന് സംശയം. ഇതിന്റെ പശ്ചാത്തലത്തിൽ ഇവർ മുമ്പ് ജോലി ചെയ്തിരുന്ന ആശുപത്രികളിലേക്കും മറ്റും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, തങ്ങളുടെ കുഞ്ഞുങ്ങളെ ലൂസി ഉപദ്രവിച്ചെന്ന് സംശയിക്കുന്നതായി ഏതാനും മാതാപിതാക്കളും ആരോപിച്ചു. നിലവിൽ ദ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റൽ, ലൂസി മുമ്പ് ജോലി ചെയ്തിട്ടുള്ള ലിവർപൂൾ വിമൺസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജനിച്ചതും പ്രവേശിപ്പിക്കപ്പെട്ടതുമായ 4,000 കുഞ്ഞുങ്ങളുടെ മെഡിക്കൽ റെക്കോർഡുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. 30 -ലേറെ കുട്ടികളെയെങ്കിലും ലൂസി ഉപദ്രവിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നു.