ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- വെസ്റ്റ്മിനിസ്റ്ററിലെ രാഷ്ട്രീയ അന്തരീക്ഷം വരാനിരിക്കുന്ന വർഷങ്ങളിൽ എങ്ങനെയാകുമെന്നത് വരും ആഴ്ചകളിൽ നിർവചിക്കപ്പെടും. ഒക്ടോബർ അവസാനത്തോടെ അധികാരത്തിലിരിക്കുന്ന ലേബർ പാർട്ടിയുടെ ബഡ്ജറ്റ് അവതരിപ്പിക്കപ്പെടും. അതിനുശേഷം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ, കൺസർവേറ്റീവ് പാർട്ടി അവരുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുകയും ചെയ്യും. തിരഞ്ഞെടുപ്പിന് ശേഷമുള്ള പരിവർത്തനത്തിന്റെ സമയം ബ്രിട്ടനിൽ അവസാനിക്കുകയാണ്. ലേബർ പാർട്ടിയുടെ നയങ്ങളെയും പദ്ധതികളെയും സംബന്ധിച്ച് കൂടുതൽ വ്യക്തമാകുന്ന സമയമാണ് ഇനി വരാനിരിക്കുന്നത്. നിലവിൽ പ്രതിപക്ഷ നേതാവായി തുടരുന്ന റിഷി സുനകിന് പകരക്കാരനും കൂടി എത്തുന്നതോടെ ബ്രിട്ടനിലെ രാഷ്ട്രീയ അന്തരീക്ഷത്തിന് കാര്യമായ മാറ്റം ഉണ്ടാകും. എന്നാൽ ആരായിരിക്കും കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത നേതാവായി വരിക എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. റോബർട്ട് ജെൻറിക്ക്, കെമി ബേഡ്നോക്ക്, ജെയിംസ് ക്ലെവർലി, ടോം ട്യുഗൻഡട്ട് എന്നിവരാണ് നിലവിൽ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ, ഇവരിൽ ഒരാൾ പുറത്തായി മൂന്നു പേരായി ചുരുങ്ങും. തുടർന്ന് ബുധനാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ, അന്തിമ രണ്ടുപേർ എന്ന നിലയിലേക്ക് എത്തും. ഈ രണ്ടുപേരിൽ നിന്നാകും അവസാന വിജയി ഉണ്ടാവുക.
തുടക്കത്തിൽ നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം പിന്മാറിയ ടോറി എം പി മെൽ സ്ട്രൈഡ് താൻ ജെയിംസ് ക്ലെവർലിയെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തന്റെ പ്രസംഗത്തിലൂടെ ക്ലെവർലിയ്ക്ക് കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ സാധിച്ചുവെന്നാണ് വിദഗ്ധരും വിലയിരുത്തുന്നത്. ടോറി ഗ്രാസ്‌റൂട്ട് വെബ്‌സൈറ്റായ കൺസർവേറ്റീവ് ഹോം നടത്തിയ വോട്ടെടുപ്പ് പ്രകാരം മുൻ ബിസിനസ് സെക്രട്ടറി കെമി ബേഡ്നോക്കാണ് മൂന്ന് പേരിൽ ഏറ്റവും പ്രിയങ്കരനെന്നാണ് സൂചിപ്പിക്കുന്നത്. നവംബർ രണ്ടിനാണ് അവസാന ഫലപ്രഖ്യാപനം ഉണ്ടാവുക.
Leave a Reply