ക്രിപ്റ്റോ കറൻസികളെല്ലാം തിരിച്ചുവരവിന്റെ പാതയിലേക്ക് ; ക്രിപ്റ്റോയെ ലോകം പൂർണ്ണമായി അംഗീകരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് സാമ്പത്തിക വിദഗ്ധർ
9 January, 2024, 2:42 pm by editor

സ്വന്തം ലേഖകൻ 

മൊറോക്കോ : വഴികാട്ടി ജി20 യോഗം ,  ക്രിപ്റ്റോ വിപണിയിൽ സംഭവിച്ചതെന്ത് ?, എല്ലാം മാറ്റിമറിച്ച് മൊറോക്കോ യോഗം. ചെറിയൊരു ഇടവേളയിലെ അനിശ്ചിതത്വത്തിനു ശേഷം ക്രിപ്റ്റോ കറൻസികളെല്ലാം തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തുകയാണ്. ക്രിപ്റ്റോയെ ലോകം പൂർണമായി അംഗീകരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നു. ക്രിപ്റ്റോ കറൻസി മേഖലയിൽ നിന്ന് അനിശ്ചിതത്വങ്ങളും ആശങ്കകളും ഒഴിയുകയാണോ? വിശദമായി പരിശോധിക്കാം…

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം തുടക്കത്തിൽ ക്രിപ്റ്റോ കറൻസികൾക്ക് എതിരായിരുന്നു. ഇന്ത്യയിലാണെങ്കിൽ, റിസർവ് ബാങ്ക് അടക്കം ‘വടി’യെടുത്ത് വിരട്ടി നോക്കി. ക്രിപ്റ്റോ കറൻസി ഇടപാടിനെ ചൂതാട്ടം എന്നു വിശേഷിപ്പിച്ച ആർ ബി ഐ ഗവർണർ ശക്തികാന്തദാസ്, ഇവ സാമ്പത്തിക മേഖലയെ താറുമാറാക്കാൻ കാരണമാകുമെന്നു വരെ മുന്നറിയിപ്പു നൽകി. അവസാനം സുപ്രീം കോടതി തന്നെ ക്രിപ്റ്റോ കറൻസിക്കെതിരെയുള്ള നിരോധനം എടുത്തു കളഞ്ഞു. അങ്ങനെ ഇന്ത്യയിൽ‌ ക്രിപ്റ്റോ ഇടപാടിന് നികുതിയും കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. യുഎസിലാകട്ടെ, കർശന നടപടികളുടെ ഭാഗമായി കൂടുതൽ ക്രിപ്റ്റോ മൈനിങ് കമ്പനികൾ രാജ്യം വിടുന്ന അവസ്ഥ പോലുമുണ്ടായി.

കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമില്ല, പണത്തിന് രൂപമില്ല, ഊഹക്കച്ചവടം, ചൂതാട്ടം… ക്രിപ്റ്റോ നാണയങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഒട്ടേറെയാണ്. ഇതിന്റയെല്ലാം മുൻപിൽ അടിപതറിയെങ്കിലും ക്രിപ്റ്റോ നാണയങ്ങൾ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ. സമീപകാലത്തില്ലാത്ത സ്ഥിരത പ്രകടിപ്പിച്ചുകൊണ്ട് ക്രമാനുഗതമായി മുന്നേറുകയാണ് എല്ലാ ക്രിപ്റ്റോ നാണയങ്ങളും.

എന്താണ് ക്രിപ്റ്റോ കറൻസിയുടെ ഈ തിരിച്ചുവരവിന് പിന്നിൽ?

ക്രിപ്റ്റോ വിപണിയിൽ കഴിഞ്ഞുപോയത് ഒരു ‘ഒക്ടോബർ വിപ്ലവ’മാണെന്നു പറയാം. ലോകമാകെയുള്ള  വെല്ലുവിളികൾക്കിടയിലും ക്രിപ്റ്റോ വിപണി പതുക്കെ മുന്നേറുന്നുണ്ടായിരുന്നെങ്കിലും ഒക്ടോബറിലെ പെട്ടെന്നുള്ള ശക്തിപ്രകടനത്തിന്റെ കാരണം മൊറോക്കോയിൽ നടന്ന ഒരു യോഗമാണ്. ജി20 ഉച്ചകോടിയുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്ര ബാങ്കുകളുടെ തലവന്മാരും ചേർന്നതായിരുന്നു ആ യോഗം. ക്രിപ്റ്റോ കറൻസികൾക്കായി ഒരു സമവായരൂപരേഖ ഈ യോഗത്തിൽ അംഗീകരിക്കപ്പെട്ടു. ക്രിപ്റ്റോ കറൻസികളെ നിരോധിക്കുകയല്ല, കർശന നിയന്ത്രണത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുകയാണു വേണ്ടതെന്ന് അതിൽ അടിവരയിട്ടു പറയുന്നു. ഇത് ക്രിപ്റ്റോ വിപണിക്ക് സമ്മാനിച്ചത് മികച്ച ഉണർവാണ്.

ഇന്റർനെറ്റിന്റെ മൂന്നാം യുഗമായ വെബ്–3യിൽനിന്ന് ക്രിപ്റ്റോ നാണയങ്ങളെ അകറ്റിനിർത്താനാവില്ല എന്ന യാഥാർഥ്യം എല്ലാ ഭരണകൂടങ്ങളും തിരിച്ചറിഞ്ഞതോടു കൂടിയാണ് ക്രിപ്റ്റോ കറൻസികൾക്ക് ലോകത്ത് സ്വീകാര്യത വർദ്ധിച്ചത്.

ഒക്ടോബർ 13ന് മൊറോക്കോയില്‍ നടന്ന യോഗത്തിൽ ക്രിപ്റ്റോയ്ക്ക് അനുകൂലമായ തീരുമാനം വന്നതും, ക്രിപ്റ്റോ വിപണിക്ക് പ്രതീക്ഷയേകുന്ന ചില വാർത്തകൾ യുഎസിൽനിന്നു പുറത്തുവന്നതും ക്രിപ്റ്റോയുടെ കുതിപ്പിന് കരുത്തേകി. ഇതോടെ സംശയത്തോടെ ക്രിപ്റ്റോയെ കണ്ട എല്ലാ രാജ്യങ്ങളും ക്രിപ്റ്റോയിലേയ്ക്ക് കടന്നു വന്നതും ഇവയുടെ വിശ്വാസ്യതയും മൂല്യവും വർദ്ധിപ്പിച്ചു. അങ്ങനെ ഇടക്കാലത്തു മാറിനിന്ന നിക്ഷേപകർ മുഴുവനും ക്രിപ്റ്റോയിലേയ്ക്ക്  തിരിച്ചെത്തുകയും എല്ലാ ക്രിപ്റ്റോ നാണയങ്ങൾക്കും ഒരേപോലെ മികച്ച വളർച്ച ഉണ്ടാവുകയും ചെയ്തു.

അതോടൊപ്പം ക്രിപ്റ്റോ കറൻസിയെ നയിക്കുന്ന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിനിന് ദിനംപ്രതി വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരമായി ക്രിപ്റ്റോ കറൻസികൾ മാറുമെന്നാണ് വിദഗ്ധർ കരുതുന്നത് . അതുകൊണ്ട് തന്നെ 2024 ൽ  വ്യക്തമായ ക്രിപ്റ്റോ നിയന്ത്രണങ്ങൾ നടപ്പിലാക്കുവാനുള്ള അവസാന മിനുക്ക് പണികളിലാണ് മിക്ക ലോകരാജ്യങ്ങളും. അത് നടപ്പിലാക്കി കഴിഞ്ഞാൽ ക്രിപ്റ്റോയെ ലോകം പൂർണ്ണമായി അംഗീകരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത് .

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RECENT POSTS
Copyright © . All rights reserved