ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സൗത്ത് ലണ്ടൻ നഗരമായ ലാംബെത്ത് കൗൺസിലിന്റെ കീഴിലുള്ള ചൈൽഡ് ഹോമുകളിൽ വർഷങ്ങളായി കുട്ടികൾ ശാരീരിക പീഡനവും ലൈംഗിക ക്രൂരതകളും മറ്റും അനുഭവിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്ത്. ഏകദേശം 700 ഓളം കുട്ടികളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടതെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തുന്ന കമ്മീഷനാണ് ഇപ്പോൾ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. നിരവധി ദശാബ്ദങ്ങളായി നടന്നുവരുന്ന ഈ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിൽ നഗര കൗൺസിലിന് എതിരെ ശക്തമായ വിമർശനം ആണ് കമ്മീഷൻ ഉന്നയിച്ചിരിക്കുന്നത്. 2020-ൽ നടന്ന അന്വേഷണത്തിൽ എയ്ഞ്ചൽ റോഡ്, സൗത്ത് വെയിൽ അസസ്മെന്റ് സെന്റർ , ഷർലി ഓക്സ് കോംപ്ലക്സ്, ഐവി ഹൗസ്, മോങ്ക്ടൺ സ്ട്രീറ്റ് എന്നീ 5 ഹോമുകളെയാണ് അന്വേഷണ പരിധിയിൽ കമ്മീഷൻ ഉൾപ്പെടുത്തിയത്. 1960-കൾ മുതലുള്ള കേസുകളെ സംബന്ധിച്ച് കമ്മീഷൻ അന്വേഷണം നടത്തി.


ഒരു ഹോമുകളിലും കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങളും, ശ്രദ്ധയും ലഭിച്ചിരുന്നില്ല എന്ന് കമ്മീഷൻ വിലയിരുത്തി. ഇതുമൂലം കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്ക് കുട്ടികളിലേയ്ക്ക് എത്തപ്പെടാനുള്ള സാഹചര്യങ്ങൾ വളരെയധികം ആയിരുന്നു. മുൻപ് താമസിച്ചിരുന്ന കുട്ടികളിൽ നിന്നായി ലഭിച്ച 705 കംപ്ലെയിന്റുകളിൽ, ഒരു സീനിയർ സ്റ്റാഫിനെതിരെ മാത്രമാണ് നഗര കൗൺസിൽ നടപടിയെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് കംപ്ലൈന്റ് നൽകിയ ശേഷം പിന്നീട് ഷർലി ഓക്സ് ഹോമിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെ സംബന്ധിച്ച് പോലീസ് അന്വേഷണം വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾ പോലും ഇത്തരം ഹോമുകളിൽ ശാരീരിക ക്രൂരതകൾക്കും, ലൈംഗിക ദുരുപയോഗത്തിനും ഇരയായിട്ടുണ്ട്. 1983 ൽ പൂട്ടിയ ഷർലി ഓക്സ് ഹോമിൽ മാത്രമായി 529 കുട്ടികളാണ് ദുരുപയോഗത്തിന് ഇരയായത് എന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. 177 സ്റ്റാഫ് മെമ്പർമാർക്കെതിരെ കംപ്ലെയിന്റുകൾ ലഭിച്ചിട്ടുണ്ടെങ്കിലും നടപടി ഒന്നും തന്നെ ഉണ്ടായില്ല.

ലാംബെത്ത് കൗൺസിലിന്റെ ഭാഗത്തു നിന്നും തികച്ചും നിസ്സഹകരണമായ നടപടിയാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടവരോട് ക്ഷമ ചോദിക്കുന്ന ഒരു കുറിപ്പ് മാത്രമാണ് കൗൺസിൽ ആദ്യം പുറത്തിറക്കിയത്. എന്നാൽ പിന്നീട് ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികൾക്കായി 71.5 മില്യൺ പൗണ്ട് നഷ്ട പരിഹാരം തുക നൽകുവാൻ കൗൺസിൽ നിർബന്ധിതമായി. അന്വേഷണം തുടർന്ന് പുരോഗമിക്കും എന്നാണ് റിപ്പോർട്ടുകൾ.