ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർ കമ്പനിയായ ഇഇ ലിമിറ്റഡിന്റെ ഓഫീസിലേയ്ക്ക് പുതിയ സിം കാർഡിനായി ബന്ധപ്പെട്ട കസ്റ്റമർക്ക് ലഭിച്ചത് 40,000 പൗണ്ടിന്റെ കൊക്കെയിൻ ഡീൽ. സെയിൽസ് അസിസ്റ്റന്റുമായി സംസാരിച്ചു മിനിട്ടുകൾക്കുള്ളിൽ തന്നെ ഡ്രഗ് സിനെ കുറിച്ച് തന്നോട് സംസാരിക്കുകയാരുന്നു എന്ന് കസ്റ്റമർ വെളിപ്പെടുത്തി. കോക്ക്, കാന്നബിസ്, കീറ്റാമൈൻ തുടങ്ങി നിരവധി മയക്കു മരുന്നുകൾ തനിക്ക് നൽകാമെന്നും സെയിൽസ് അസിസ്റ്റന്റ് വാഗ്ദാനം ചെയ്തതായി കസ്റ്റമർ വ്യക്തമാക്കി. പരിസ്ഥിതി സർവീസിൽ ജോലി ചെയ്യുന്ന കസ്റ്റമറോടു താമസസ്ഥലവും മറ്റും അന്വേഷിച്ച ശേഷം, ജീവനക്കാരന്റെ വീടിനടുത്താണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് സംഭാഷണം സൗഹൃദത്തിലായെന്നും കസ്റ്റമർ പറഞ്ഞു.


തുടർന്ന് നിരവധി മയക്കുമരുന്നുകളുടെ പേരും അവയുടെ വിലയും സഹിതം കസ്റ്റമറെ അറിയിക്കുവാൻ ജീവനക്കാരൻ ശ്രമിച്ചു. കോളുകൾ എല്ലാം തന്നെ മോണിറ്റർ ചെയ്യപ്പെടുന്നതിനാൽ, എന്തുകൊണ്ടാണ് ജീവനക്കാരന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു നീക്കം ഉണ്ടായതെന്ന് തനിക്കറിയില്ലെന്ന് കസ്റ്റമർ വ്യക്തമാക്കി. ജീവനക്കാരനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇഇ ലിമിറ്റഡ് കമ്പനി അറിയിച്ചു. സൗത്ത് വെയിൽസ് പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.