വീട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് സ്പീഡ് കുറവാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ ഉപക്ഷേക്കാന്‍ അവകാശമുണ്ടെന്ന് ഓഫ്‌കോം. കണക്ഷന്‍ സ്ഥാപിക്കുന്ന സമയത്ത് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന കമ്പനി ഉപഭോക്താക്കള്‍ക്ക് മിനിമം സ്പീഡ് ഉറപ്പു നല്‍കേണ്ടതുണ്ടെന്നും ഓഫ്‌കോമിന്റെ പുതിയ നിയമം വ്യക്തമാക്കുന്നു. കമ്പനി ഉറപ്പു നല്‍കിയിട്ടുള്ള സ്പീഡ് ലഭ്യമാകുന്നില്ലെങ്കില്‍ പിഴകൂടാതെ ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ ഉപേക്ഷിക്കാം. അതേ സമയം സ്പീഡ് സംബന്ധിച്ച് കാര്യങ്ങള്‍ ശരിയാക്കുന്നതിനായി കമ്പനിക്ക് ഒരു മാസം സമയം ലഭിക്കുകയും ചെയ്യുമെന്ന് പുതിയ നിയമത്തില്‍ പറയുന്നു.
നിലവില്‍ കമ്പനിക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ സ്പീഡ് സാധാരണഗതിയിലേക്ക് പുനസ്ഥാപിക്കുന്നത് ധാരാളം സമയം അനുവദിച്ചിട്ടുണ്ട്. അനുവദനീയമായ കാലഘട്ടത്തിലും സ്പീഡ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനിക്ക് കഴിയുന്നില്ലെങ്കില്‍ കണക്ഷന്‍ ഉപഭോക്താക്കള്‍ ഉപേക്ഷിക്കുന്നതായിരിക്കും. ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ സ്ഥാപിച്ചു നല്‍കുന്ന സമയത്ത് തന്നെ ശരാശരി പീക്ക് ടൈം സ്പീഡുമായി ബന്ധപ്പെട്ട ഉറപ്പ് കമ്പനി നല്‍കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച തയ്യാറെടുപ്പുകള്‍ നടത്താന്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം സമയം ലഭിക്കും. അടുത്ത വര്‍ഷം മാര്‍ച്ചോടു കൂടിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുക.
ലാന്റ് ലൈനുകളെ കൂടാതെ ബ്രോഡ്ബാന്റിനൊപ്പം വാങ്ങിയിരിക്കുന്ന ടിവി പാക്കേജുകള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. പുതിയ നിയമപ്രകാരം ഒരു ടിവി കോണ്‍ട്രാക്ടില്‍ ഉപഭോക്താക്കള്‍ കുടുങ്ങിക്കിടക്കില്ല. ബ്രോഡ്ബാന്റ് സര്‍വീസ് വേഗത കുറയുകയാണെങ്കില്‍ പുതിയ കണക്ഷനിലേക്ക് പിഴ കൂടാതെ മാറാന്‍ ഇവര്‍ക്ക് അധികാരം ഉണ്ടായിരിക്കും. ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ബ്രോഡ്ബാന്റ് സ്പീഡ് പ്രകാരമുള്ള സര്‍വീസ് ആസ്വദിക്കാന്‍ പുതിയ നിയമം അവരെ സഹായിക്കുമെന്ന് ഒഫ്‌കോം കണ്‍സ്യൂമര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ലിന്‍ഡ്‌സി ഫുസ്സല്‍ പ്രസ്താവനയില്‍ പറഞ്ഞു.
Leave a Reply