നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുകയെങ്കില്‍ കസ്റ്റംസ് പരിശോധനകള്‍ കൂടുതല്‍ ഉദാരമാക്കുമെന്ന് സൂചന. ഫെറികളില്‍ നിന്ന് ലോറികള്‍ക്കും ചാനല്‍ ടണല്‍ ട്രെയിനുകള്‍ വഴിയുള്ള ചരക്കുകടത്തും കസ്റ്റംഡ് ഡിക്ലറേഷനില്ലാതെ തന്നെ സാധിക്കുന്ന വിധത്തിലാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈനില്‍ ഒരു ഫോം പൂരിപ്പിച്ചു നല്‍കുകയും ഡ്യൂട്ടി പിന്നീട് അടക്കുകയും ചെയ്യുന്ന വിധത്തിലായിരിക്കും പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. ഇറക്കുമതിക്കാര്‍ക്കും ചരക്കു ഗതാഗതം നടത്തുന്നവര്‍ക്കും വേണ്ടിയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ട്രാന്‍സിഷണല്‍ സിംപ്ലിഫൈഡ് പ്രൊസീജ്യറുകള്‍ എന്ന പേരില്‍ എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് (എച്ച്എംആര്‍സി) ആണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള ഫെറി റൂട്ടുകളിലും ചാനല്‍ ടണലിലും ഇത് ഏര്‍പ്പെടുത്തും.
നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ചാനല്‍ പോര്‍ട്ടുകളിലും മറ്റും ലോറികളുടെ വന്‍ നിരയായിരിക്കുമെന്ന മുന്നറിയിപ്പായിരുന്നു നേരത്തേ നല്‍കിയിരുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ എത്ര ലളിതമാക്കിയാലും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പുറത്താകല്‍ മൂലമുണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഈ വ്യവസായ മേഖല ഇതുവരെ സജ്ജമായിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ നല്‍കുന്ന സൂചന. മാര്‍ച്ച് 29 അര്‍ദ്ധരാത്രിയാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഔദ്യോഗികമായി പുറത്തു പോകുന്നത്. ഇത് ഉടമ്പടിയോടെയോ ഉടമ്പടി രഹിതമോ ആയിട്ടായിരിക്കും.
ഇക്കാര്യത്തില്‍ ഇപ്പോഴും ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബ്രെക്‌സിറ്റ് അത് നിര്‍ണ്ണയിച്ച സമയത്തു തന്നെ പ്രാവര്‍ത്തികമാക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അന്തിമ നടപടികള്‍ അല്‍പ സമയം കൂടി നീട്ടിവെക്കണമെന്ന അഭിപ്രായം ചില ക്യാബിനറ്റ് അംഗങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.
Leave a Reply