ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട അലോക് വര്‍മ്മക്കെതിരെ സിബിഐ അന്വേഷണത്തിന് നിര്‍ദേശമുണ്ടായേക്കും. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഇതിന് നിര്‍ദേശം നല്‍കിയേക്കുമെന്നാണ് സൂചന. മോയിന്‍ ഖുറേഷി മുഖ്യപ്രതിയായ ഹവാല നികുതി വെട്ടിപ്പ് കേസില്‍ അലോക് വര്‍മക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് സി.വി.സിയുടെ അവകാശവാദം. അലോക് വര്‍മ്മക്കെതിരെ വകുപ്പുതല നടപടിയും ക്രിമിനല്‍ അന്വേഷണവും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സി.വി.സി കത്തെഴുതുമെന്നാണ് വിവരം.
മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈദരാബാദ് വ്യവസായിയായ സതീഷ് സനയെ രക്ഷപ്പെടുത്താന്‍ അലോക് വര്‍മ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്നാണ് സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉന്നയിച്ച ആരോപണം. ഇതില്‍ സിവിസി പ്രാഥമികാന്വേഷണം നടത്തിയതിനു പിന്നാലെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വര്‍മ്മയെ കേന്ദ്ര സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയത്.
പിന്നീട് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി അദ്ദേഹത്തെ തിരികെ നിയമിച്ചെങ്കിലും 48 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതാധികാര സമിതി അദ്ദേഹത്തെ പുറത്താക്കി. തുടര്‍ന്ന് അദ്ദേഹം സ്ഥനത്തു നിന്ന് രാജിവെച്ചു. എന്നാല്‍ അലോക് വര്‍മക്കെതിരെ തെളിവൊന്നും ലഭിച്ചിരുന്നില്ലെന്ന് സി.വി.സി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.കെ പട്നായിക് പറഞ്ഞിരുന്നു.
Leave a Reply