കൊല്ലം ∙ സമൂഹമാധ്യമങ്ങളിൽ കൂടി കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർ നിരീക്ഷണത്തിൽ. ഇത്തരത്തിൽ കുടുങ്ങിയ ചിലരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. അശ്ലീല വെബ്സൈറ്റുകൾ തുടർച്ചയായി കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നവരാണു സൈബർസെല്ലിന്റെ നിരീക്ഷണത്തിലുള്ളത്. കൂടുതൽ പേർ വൈകാതെ കുടുങ്ങുമെന്നാണു വിവരം.
പാരിപ്പള്ളിയിൽ ശനിയാഴ്ച പഞ്ചായത്ത് ജനപ്രതിനിധിയുടെ വീട്ടിൽ സൈബർസെൽ പരിശോധനയ്ക്കെത്തി. കരുനാഗപ്പള്ളി ആദിനാട്, മരുതൂർകുങ്ങര തെക്ക് എന്നിവിടങ്ങളിലെ 2 വീടുകളിലും പൊലീസ് പരിശോധന നടത്തി. മരുതൂർകുളങ്ങര തെക്കു ഭാഗത്ത് 16 വയസ്സുകാരൻ ഉപയോഗിക്കുന്ന ഫോൺ പൊലീസ് പിടിച്ചെടുത്തു കേസ് റജിസ്റ്റർ ചെയ്തു. ഫോൺ തിരുവനന്തപുരത്ത് സൈബർ സെല്ലിന്റെ ഹൈടെക് വിഭാഗത്തിലേക്ക് അയച്ചു പരിശോധന നടത്തും.
വ്യാജരേഖകൾ ഉപയോഗിച്ചു മൊബൈൽ ഫോൺ സിം കാർഡുകൾ വ്യാപകമായി സംഘടിപ്പിക്കുന്നതായ വിവരത്തെതുടർന്നു സിം കാർഡ് വിൽപന കേന്ദ്രങ്ങളിലും റെയ്ഡ് ആരംഭിച്ചു. വ്യക്തിഗത വിവരങ്ങൾ വ്യാജമായി നൽകിയും വ്യാജ തിരിച്ചറിയൽ കാർഡുകൾ, ഫോട്ടോയുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് എന്നിവ ഉപയോഗിച്ചു മതിയായ അനുമതിപത്രമില്ലാതെ സിംകാർഡുകൾ വിതരണം ചെയ്യുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
കൊല്ലം നഗരത്തിൽ 110 വിൽപന ശാലകളിൽ പരിശോധന നടത്തി. വ്യാജമായി നേടുന്ന സിം കാർഡുകൾ വിധ്വംസക പ്രവർത്തനങ്ങൾക്കും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ സാധ്യത ഉള്ളതിനാൽ ഇത്തരം പരിശോധനകൾ കർശനമാക്കുമെന്നും പൊലീസ് പറഞ്ഞു.
Leave a Reply