ന്യൂഡല്‍ഹി: വിവാഹ മോചനം ഇക്കാലത്ത് അപൂര്‍വ്വം സംഗതിയൊന്നുമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയാ അഡിക്ഷന്‍ കാരണം വിവാഹമോചനം തേടാന്‍ ശ്രമിക്കുന്നത് ഇതാദ്യമായിരിക്കും. ഭാര്യയുടെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കാരണം ഡല്‍ഹി സ്വദേശിയായ നരേന്ദ്ര സിങാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഭാര്യ മുഴുവന്‍ സമയവും സോഷ്യല്‍ മീഡിയയിലാണെന്നും കുടുംബ ജീവിതത്തില്‍ താന്‍ അസംതൃപ്തനാണെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

ഭാര്യയെന്ന നിലയിലുള്ള കര്‍ത്തവ്യങ്ങളെക്കുറിച്ച് തന്റെ പങ്കാളി പൂര്‍ണമായും മറന്നു കഴിഞ്ഞു. കടുത്ത അസംതൃപ്തിയും മാനസിക സമ്മര്‍ദ്ദത്തിനും ഇത് കാരണമാകുന്നു. അതിനാല്‍ തനിക്ക് വിവാഹമോചനം നല്‍കണമെന്നാണ് നരേന്ദ്ര സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐ.ടി വിദഗ്ധനായ നരേന്ദ്ര സിംഗ് ഒരു വര്‍ഷം മുന്‍പാണ് വിവാഹിതനാവുന്നത്. വിവാഹത്തിന് ശേഷമുള്ള നാളുകള്‍ മുതല്‍ക്കെ ഭാര്യയുടെ അമിത സോഷ്യല്‍ മീഡിയ ഉപയോഗം അലോസരങ്ങള്‍ സൃഷ്ടിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നരേന്ദ്ര സിംഗിന്റെ കുടുംബവും വിവാഹമോചനത്തെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഭാര്യയുടെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ സിംഗിന് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതായി ബന്ധുക്കളും ചൂണ്ടിക്കാണിച്ചു. അതേസമയം ബന്ധുക്കളുടെയും ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു. ഇരുവര്‍ക്കും കൗണ്‍സിലിംഗിനായുള്ള സമയം അനുവദിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ കുടുംബ കോടതി. കൗണ്‍സിലിംഗിലൂടെയും കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വിവാഹമോചനം അനുവദിക്കാനാണ് സാധ്യത.

സമൂഹമാധ്യമങ്ങളുടെ അതിപ്രസരം വിവാഹ ജീവിതത്തിന് വലിയ ഭീഷണിയാണുയര്‍ത്തുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ഹിമ കോഹ്ലി അഭിപ്രായപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം പലവിധ മാനസിക പ്രതിസന്ധികള്‍ക്കും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന് ചികിത്സ ലഭ്യമാണ്.