ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സൈക്കിൾ യാത്രക്കാർ റോഡുകൾ കൈയടക്കിയ ദിവസമായിരുന്നു ഇന്നലെ. പുതിയ ഹൈവേ കോഡ് നിലവിൽ വന്നതോടെ സൈക്കിൾ യാത്രക്കാർ റോഡിന്റെ മധ്യഭാഗത്തു കൂടി യാത്ര ചെയ്യാൻ തുടങ്ങി. സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കൂടുതൽ സംരക്ഷണമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 50 പുതിയ നിയമങ്ങളോടെ ഹൈവേ കോഡ് നവീകരിച്ചത്. പതുക്കെ പോകുന്ന ട്രാഫിക്കിലും തിരക്കില്ലാത്ത റോഡുകളിലും അപ്രോച്ച് ജംഗ്ഷനുകളിലും റോഡ് വീതി കുറയുന്നിടത്തും സൈക്കിൾ യാത്രക്കാർ പാതയുടെ മദ്ധ്യത്തിലൂടെ ഓടിക്കണമെന്നാണ് പുതിയ നിയമം. എന്നാൽ ഈ നിയമം മറ്റ് വാഹനയാത്രക്കാർക്ക് വലിയ വെല്ലുവിളി ഉയർത്തി.

നിയമ മാറ്റം അറിയാത്ത ഡ്രൈവർമാരാണ് ഇന്നലെ റോഡിൽ കുടുങ്ങിപോയത്. സൈക്കിൾ യാത്രക്കാർ റോഡിന്റെ മധ്യഭാഗത്ത് മനഃപൂർവം നിൽക്കുകയും പിന്നിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്തതായി ഡ്രൈവർമാർ പരാതിപ്പെട്ടു. ഒരു കൂട്ടം സൈക്കിൾ യാത്രക്കാർ, കാർ കടന്നുപോകാൻ സമ്മതിക്കാതെ എട്ടു മൈൽ ദൂരം സഞ്ചരിച്ചുവെന്ന് ഡോർചെസ്റ്റർ ചേംബർ ഓഫ് ബിസിനസ് വൈസ് പ്രസിഡന്റ് സ്റ്റീവ് ബുള്ളെ ട്വിറ്ററിൽ കുറിച്ചു. അവർ പിന്നോട്ട് നോക്കി കളിയാക്കി ചിരിച്ചുകൊണ്ടാണ് സഞ്ചരിച്ചതെന്നും അദ്ദേഹം കുറിച്ചു.

സംഘം ചേര്‍ന്ന് സൈക്കിള്‍ സവാരി നടത്തുമ്പോള്‍ മറ്റ് യാത്രക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്ത് രണ്ടുപേര്‍ മാത്രം ഒരു നിരയില്‍ സൈക്കിള്‍ ഓടിക്കണമെന്ന് നിയമം അനുശാസിക്കുന്നു. പുറകില്‍ വരുന്ന വാഹനങ്ങള്‍ക്ക് മറികടക്കാനുള്ള സൗകര്യം നല്‍കുകയും വേണം. കാല്‍നടക്കാരെയും ശ്രദ്ധിക്കണം. ഇതുപോലെ കാർ ഓടിക്കുന്നവരും ഇനി കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. മണിക്കൂറില്‍ 30 മൈല്‍ വേഗതയില്‍ വരെ സൈക്കിളില്‍ യാത്ര ചെയ്യുന്നവരെ മറികടക്കുമ്പോള്‍ കുറഞ്ഞത് 1.5 മീറ്റര്‍ അകലം പാലിക്കണം. 10 മൈല്‍ വേഗതയില്‍ കുതിര സവാരി നടത്തുന്നവരെയും കുതിരവണ്ടിയേയും മറികടക്കുമ്പോള്‍ 2 മീറ്റര്‍ അകലം പാലിക്കണം. കാല്‍നടയാത്രക്കാരെ മറികടക്കുമ്പോഴും രണ്ട് മീറ്റർ അകലം പാലിക്കണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ അവരെ മറികടക്കാതിരിക്കുന്നതാണ് ഉചിതം. റോഡ് ഉപയോക്താക്കൾക്കുള്ള പുതിയ നിർദ്ദേശങ്ങൾ ലണ്ടനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാൻ സഹായിക്കുമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ അഭിപ്രായപ്പെട്ടു.