ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാൽനട യാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിൽ സൈക്കിൾ ഓടിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന നിയമം ഇംഗ്ലണ്ടിലും നിലവിൽ വരും. ഇത്തരം അപകടങ്ങളിൽ കാൽനടയാത്രക്കാർ കൊല്ലപ്പെടുകയാണെങ്കിൽ സൈക്കിൾ ഓടിക്കുന്നയാൾക്ക് ജീവപര്യന്തം തടവ് ലഭിക്കും. നേരത്തെ അപകടകരമായതോ അശ്രദ്ധമായതോ ആയ സൈക്ലിംഗ് നടത്തുന്നവർക്ക് സാധാരണയായി പരമാവധി രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചിരുന്നത്. ഇത് അപര്യാപ്തമായ ശിക്ഷയാണെന്ന വിമർശനം നേരത്തെ ഉയർന്നു വന്നിരുന്നു.
നിലവിലെ നിയമം 1860 ലേതാണ് . കൂടുതൽ കുറ്റമറ്റ നിയമനിർമ്മാണം ഗതാഗത സെക്രട്ടറിയായ ഹെയ്ഡി അലക്സാണ്ടറിൻ്റെ നേതൃത്വത്തിലാണ് രൂപകൽപന ചെയ്തത്. പുതിയ നിയമം നടപ്പിലാക്കുന്നതിനായി നിരവധി തലങ്ങളിൽ നിന്ന് ശക്തമായ ആവശ്യം ഉയർന്നു വന്നിരുന്നു. കാൽനടയാത്രയ്ക്കിടെ സൈക്കിൾ ഇടിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നിരന്തരമായി ഇതിനായി പ്രചാരണം നടത്തിയിരുന്നു. 2016 -ൽ സൈക്കിൾ ഇടിച്ച് കൊല്ലപ്പെട്ട 44 വയസ്സുകാരനായ കിമ്മിൻ്റെ ഭാര്യ മാറ്റ് ബ്രിഗ്സ് അവരിൽ പ്രധാനിയാണ്. കിമ്മിൻ്റെ മരണത്തിന് തൊട്ടടുത്ത വർഷം തന്നെ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിനായി അവർ പ്രചാരണം ആരംഭിച്ചു.
എന്നാൽ പുതിയ ഭേദഗതികളെ ചില സൈക്കിൾ യാത്രക്കാര്‍ വിമർശിച്ചു. പുതിയ നിയമങ്ങൾ ആളുകളെ സൈക്കിൾ ചവിട്ടുന്നതിൽ നിന്ന് തടയുമെന്ന് മുൻ ഒളിമ്പിക് സൈക്ലിസ്റ്റും ഇംഗ്ലണ്ടിലെ നാഷണൽ ആക്റ്റീവ് ട്രാവൽ കമ്മീഷണറുമായ ക്രിസ് ബോർഡ്മാൻ പറഞ്ഞു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി കൂടുതൽ ആളുകൾ സൈക്കിൾ സഞ്ചരിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് ലേബർ സർക്കാർ പിൻതുടരുന്നത്. അപകടകരമായ സൈക്ലിംഗ് പൂർണ്ണമായും അസ്വീകാര്യമാണെന്നും റോഡുകളുടെ സുരക്ഷ ഈ സർക്കാരിൻ്റെ പ്രധാന മുൻഗണനയാണ് എന്നും ഗവൺമെൻറ് വക്താവ് പറഞ്ഞു. ക്രൈം ആൻഡ് പോലീസ് ബില്ലിൻ്റെ ഭാഗമായാണ് പുതിയ നിയമം അവതരിപ്പിക്കുന്നത്.
Leave a Reply