അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദവും ചുഴലിക്കാറ്റായി മാറുന്നു. ബുൾബുൾ എന്നാണ് ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ അന്തമാൻ സമുദ്രത്തോടു ചേർന്നുണ്ടായ ന്യൂനമർദം കാറ്റായി മാറുന്നതാണ് ബുൾബുൾ. പാകിസ്താൻ നിർദേശിച്ച പേരാണിത്.
ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാൾ, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. വെള്ളിയാഴ്ചയോടെ കാറ്റ് അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല.
സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മഹാ ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഗുജറാത്ത് തീരം തൊടും. പോർബന്തറിനും ദിയുവിനും ഇടയിൽ മണിക്കൂർ 80 കിലോമീറ്റർ വേഗതയിൽ വരെ ആഞ്ഞടിക്കാനാണ് സാധ്യത. തീരദേശ ജില്ലകളായ അഹമ്മദാബാദ്, ഗീർ സോമനാഥ്, അംറേലി, ഭാവനഗർ, സൂറത്ത്, ആനന്ദ് എന്നിവിടങ്ങളിലും ദമാൻ ദിയുവിലെ ദാദ്ര, ഹവേലി എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് നാശം വിതച്ചേക്കും.
മഹാ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. അതേസമയം ഡൽഹിക്ക് ചുഴലിക്കാറ്റ് ഗുണകരമാകുകയും ചെയ്യും. അന്തരീക്ഷ മലിനീകരണം കുറയുകയും പുകമഞ്ഞ് തമിഴ്‌നാട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങലിലേക്ക് നീങ്ങുകയും ചെയ്യും.
ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും തീരത്ത് ശക്തമായ കാറ്റും കടൽ ക്ഷോഭവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. വൈദ്യുതിയും ആശയവിനിമയ ഉപാധികളും തകരാറിലാകുകകയും, മരങ്ങൾ കടപുഴകി വീഴുകയും, തീരദേശ വിളകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ ഇറങ്ങരുതെന്ന് നിർദ്ദേശമുണ്ട്.
ബുൾബുൾ ചുഴലിക്കാറ്റ് ചൊവ്വാഴ്ചയും ബുധനാഴ്ചയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കനത്ത മഴയ്ക്കും, ഒഡീഷ, പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിൽ ശനിയാഴ്ച മുതൽ മിതമായ മഴയ്ക്കും കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
Leave a Reply