ഡ്രസിംഗ് ഗൗണിന്റെ ചരടുപയോഗിച്ച് ഏഴു വയസുകാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പിതാവ് പോലീസിനെ വിളിച്ച് അറിയിച്ചു. പുരാവസ്തു കച്ചവടക്കാരനായ റോബര്‍ട്ട് പീറ്റേഴ്‌സ് എന്ന 56കാരനാണ് തന്റെ മകളായ സോഫിയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 3നായിരുന്നു സംഭവം. കുട്ടിയുടെ കഴുത്തില്‍ ചരട് മുറുക്കി അര മണിക്കൂറോളം ഇയാള്‍ പിടിച്ചുവെച്ചുവെന്നാണ് കോടതിയില്‍ വ്യക്തമാക്കപ്പെട്ടത്. മരണമുറപ്പാക്കിയ ശേഷം ഇയാള്‍ പോലീസില്‍ വിളിച്ച് ഒരു കൊലപാതകം നടന്നിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. താനാണ് കൊല നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

പുതിയ സ്‌കൂളില്‍ രണ്ടര ആഴ്ച നീളുന്ന അവധിയുടെ അവസാന ഘട്ടത്തിലായിരുന്നു സോഫിയ. കുട്ടിയെ കൊലപ്പെടുത്തിയതിന് പ്രത്യേക കാരണമൊന്നും പറയാനുമുണ്ടായിരുന്നില്ല. കൊല നടത്തുമ്പോള്‍ പീറ്റേഴ്‌സിന്റെ മാനസികനില എന്തായിരുന്നുവെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അത്ര ഗുരുതരമല്ലാത്ത വിഷാദരോഗത്തിന് ആ സമയത്ത് ഇയാള്‍ അടിമയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ മുകുള്‍ ചൗള ക്യുസി പറഞ്ഞു. എന്നാല്‍ ഒരു കൊലപാതകത്തിലേക്ക് ഈ അവസ്ഥ നയിക്കാന്‍ സാധ്യതയില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

സൗത്ത് വെസ്റ്റ് ലണ്ടനിലെ റെയ്ന്‍സ് പാര്‍ക്കിലെ വീട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. പോലീസില്‍ വിളിച്ച് കൊല നടന്നുവെന്ന് അറിയിച്ചപ്പോള്‍ ആരാണ് ചെയ്തതെന്ന് ഓപ്പറേറ്റര്‍ ചോദിച്ചു. താനാണ് അത് ചെയ്തതെന്ന് പീറ്റേഴ്‌സ പറയുകയായിരുന്നു. വീട്ടില്‍ പോലീസ് എത്തിയപ്പോളും ഇയാള്‍ അവിടെയുണ്ടായിരുന്നു. ബെഡ്‌റൂമില്‍ കുട്ടിയുണ്ടെന്നും താന്‍ അവളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നും അയാള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. പാരാമെഡിക്കുകള്‍ സ്ഥലത്തെത്തി കുട്ടിക്ക് സിപിആറും അഡ്രിനാലിന്‍ കുത്തിവെയ്പ്പും നല്‍കിയപ്പോള്‍ ചെറിയ ഹൃദയമിടിപ്പ് കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. സെന്റ് ജോര്‍ജസ് ഹോസ്പിറ്റലില്‍ വെച്ചാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.