തിരുവനന്തപുരം: കേരള സര്‍ക്കിളില്‍ തപാല്‍ വകുപ്പിന്റെ അഞ്ച് ഡിവിഷനുകളിലെ ഡാക് സേവക് നിയമനം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തടഞ്ഞു. തിരുവനന്തപുരം നോര്‍ത്ത്, സൗത്ത്, കോഴിക്കോട്, തിരുവല്ല, കൊല്ലം ഡിവിഷനുകളിലെ നിയമനമാണ് നിര്‍ത്തിവെച്ചത്. നടപടികള്‍ സുതാര്യമല്ലെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ ഉദ്യോഗാര്‍ഥി നല്‍കിയ പരാതിയിലാണ് ഉത്തരവുണ്ടായത്.
എസ്.എസ്.എല്‍.സി. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഡാക് സേവക് നിയമനപ്പട്ടിക തപാല്‍ വകുപ്പ് തയ്യാറാക്കിയത്. അപേക്ഷിക്കുന്നവരുടെ ഗ്രേഡ് അനുസരിച്ച് മാര്‍ക്ക് കണക്കാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്. മറ്റ് പരീക്ഷകളൊന്നുമില്ല. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട 1185 പേരില്‍ ഭൂരിഭാഗത്തിനും 95 ശതമാനത്തിലേറെ മാര്‍ക്കുണ്ടെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. ഇത് അസ്വാഭാവികമാണെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
കൊല്ലത്ത് നിന്നുള്ള അപേക്ഷകയ്ക്ക് 95 ശതമാനത്തിലേറെ മാര്‍ക്കുണ്ടായിട്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി. അഞ്ച് ഡിവിഷനുകളിലേക്കാണ് ഈ ഉദ്യോഗാര്‍ഥി അപേക്ഷ നല്‍കിയത്. അവയിലെ നിയമനങ്ങളാണ് ട്രൈബ്യൂണല്‍ നിര്‍ത്തിവെച്ചത്. ഹര്‍ജിക്കൊപ്പം മാര്‍ക്ക് പട്ടികയും ഉദ്യോഗാര്‍ഥി ഹാജരാക്കിയിരുന്നു. റാങ്കിനുള്ള മാര്‍ക്ക് കണക്കാക്കുന്നതിലെ അശാസ്ത്രീയതയും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് തപാല്‍ വകുപ്പ് നിയമനവിഭാഗം അറിയിച്ചു.
ഹൈദരാബാദിലെ സെന്റര്‍ ഓഫ് എക്‌സലന്റ് പോസ്റ്റല്‍ ടെക്‌നോളജി എന്ന സി.ഇ.പി.ടിയാണ് നിയമന നടപടികള്‍ നിയന്ത്രിക്കുന്നത്. അവര്‍ തയ്യാറാക്കിയ സോഫ്‌റ്റ്വേറിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്. ദേശീയതല തിരഞ്ഞെടുപ്പായതിനാല്‍ ഏകീകൃതശൈലിയിലാണ് മാര്‍ക്ക് കണ്ടെത്തുന്നത്. ഇതിലെ ഏറ്റക്കുറച്ചിലുകളാണ് പരാതിക്ക് അടിസ്ഥാനമെന്നാണ് തപാല്‍ വകുപ്പ് വിശദീകരിക്കുന്നത്.
പ്രാദേശിക പരിഗണനകളില്ലാതെ നാല് ലക്ഷത്തിലേറെ അപേക്ഷകളാണ് ഈ തസ്തികയ്ക്ക് ലഭിച്ചത്. പത്താം ക്ലാസ് മാര്‍ക്ക് മാത്രം അടിസ്ഥാന യോഗ്യതയായി സ്വീകരിച്ചതുകൊണ്ടാണ് മറ്റ് സംസ്ഥാനക്കാരും നിയമനപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും ബിരുദാനന്തരബിരുദം, ബി.ടെക്., എം.ടെക്. തുടങ്ങിയ ഉയര്‍ന്ന ബിരുദങ്ങളുള്ളവരാണ്. 10,000 രൂപയില്‍ താഴെയാണ് ഇവര്‍ക്കുള്ള ശമ്പളം. എന്നിട്ടും അന്യനാടുകളില്‍നിന്ന് ഇത്രയേറെപ്പേര്‍ നിയമനം നേടുന്നത് ദുരൂഹമായിരിക്കുകയാണ്.
Leave a Reply