ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയുടെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെട്ട ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. സര്‍വകലാശാല അധികൃതര്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ അഞ്ച് ദളിത് ഗവേഷണ വിദ്യാര്‍തിഥികളിലൊരാളായ രോഹിത് വെമുലയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിനകത്ത് സംഘടനയുടെ കൊടിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു രോഹിത്. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്ന രോഹിത് കഴിഞ്ഞ 12 ദിവസമായി സസ്‌പെന്‍ഷനിലായിരുന്നു. രോഹിതിനെ കൂടാതെ മറ്റു നാല് ദളിത് ഗവേഷക വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.
മുസാഫര്‍ നഗര്‍ വര്‍ഗീയ കലാപത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പങ്കിനെ കുറിച്ച് പറയുന്ന ‘മുസാഫര്‍നഗര്‍ ബാക്കി ഹെ’ എന്ന ഡോക്യുമെന്ററി അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രദര്‍ശിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. പ്രദര്‍ശനം എ.ബി.വി.പി തടസ്സപ്പെടുത്തുകയും എ.എസ്.എ വിദ്യാര്‍ഥികള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇതോടെ ഇവര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് മാപ്പ് എഴുതി നല്‍കേണ്ടിവന്നു.

ഈ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്കന്തരാബാദ് എം.പിയും തൊഴില്‍ മന്ത്രിയുമായ ബന്ദാരു ദത്താത്രേയ രംഗത്തുവരികയായിരുന്നു. എഎസ്എ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളും ദേശദ്രോഹികളുമാണെന്ന് ആരോപിച്ച് ഇദ്ദേഹം കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തയക്കുകയും ചെയ്തു. യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തവരാണ് വിദ്യാര്‍ത്ഥികളെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

എഎസ്എയ്‌ക്കെതിരെ എബിവിപിയും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും ദേശവിരുദ്ധതയടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും നടപടി എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. വി.സിയുടെ കീഴില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ആരോപണങ്ങള്‍ അന്വേഷിച്ച് കഴമ്പില്ലെന്ന് തെളിഞ്ഞെങ്കിലും വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതായി വിസി നോട്ടീസ് പുറപ്പെടുവിച്ചു. ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മകളില്‍ പങ്കെടുക്കരുതെന്നും നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഉത്തരവ് പിന്‍വലിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് യാക്കൂബ് മേമന്‍ കേസില്‍ എ.എസ്.എ വിദ്യാര്‍ഥികള്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ വി.സിയെ സമീപിച്ചു. ഇക്കാര്യത്തില്‍ യാതൊരു വിശദീകരണം തേടാതെ വിസി ദളിത് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പറയുന്നു. വധശിക്ഷയ്‌ക്കെതിരെ തുടക്കം മുതലെ നിലപാടുള്ള സംഘടനയാണ് എഎസ്എയെന്നും ഇവര്‍ അവകാശപ്പെടുന്നു.

വിദ്യാര്‍ത്ഥികളുടെ പുറത്താക്കല്‍ നടപടിക്ക് പിന്നാലെ ആത്മഹത്യ കൂടി ഉണ്ടായതോടെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെയും അധ്യാപക സംഘടനകളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങളാണ് തുടരുന്നത്. ദളിത് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശ നിഷേധമാണ് ഇവിടെ നടന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. എസ്എഫ്‌ഐ, എസ്‌ഐഒ, എംഎസ്എഫ്, എന്‍എസ്‌യു തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

സര്‍വകലാശാലയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിസിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. തുടര്‍ന്ന് ക്യാംപസില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ പത്തുവിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.