ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ :- എമികൊടുങ്കാറ്റ് യുകെയിലെങ്ങും കടുത്ത നാശം വിതച്ചു . സ്കോട്ട് ലാൻഡിലും നോർത്തേൺ അയർലൻഡിലുമുള്പ്പെടെ ആയിരക്കണക്കിന് വീടുകൾ വൈദ്യുതി ഇല്ലാതെ ഇരുട്ടിലായി. മണിക്കൂറിൽ 100 മൈലിലധികം വേഗതയുള്ള കാറ്റ് വീശിയതോടെ റെയിൽപാതകളും റോഡുകളും അടച്ചിടേണ്ടിവന്നു; ഫെറി സർവീസുകളും റദ്ദായി. അയർലൻഡ് റിപ്പബ്ലിക്കിൽ കാറ്റിൽ പറന്ന വസ്തുക്കൾ തട്ടിയുണ്ടായ അപകടത്തിൽ 40-കാരനായ പുരുഷൻ മരിച്ചു. ഗ്ലാസ്ഗോയിൽ ഒരു പഴയ കെട്ടിടം തകർന്നു വീണ് പാർക്ക് ചെയ്തിരുന്ന കാറിന് നാശം സംഭവിച്ചു.
ശനിയാഴ്ച മുഴുവൻ ബ്രിട്ടനിലും യെല്ലോ മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് ലണ്ടനിലെ എട്ട് ‘റോയൽ പാർക്കുകൾ’ അടച്ചിട്ടിരിക്കുകയാണ്. ഞായറാഴ്ച തുറക്കുന്നതിന് മുൻപ് മതിയായ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. സ്കോട്ട് ലാൻഡിൽ ഏകദേശം 80 മരങ്ങൾ പാളങ്ങളിൽ വീണതിനെ തുടർന്ന് നിരവധി റെയിൽ സർവീസുകൾ റദ്ദാക്കേണ്ടിവന്നു. ചില പാലങ്ങൾ ഉയർന്ന വാഹനങ്ങൾക്കായി അടച്ചിടുകയും വിമാന സർവീസുകൾക്ക് താമസം ഉണ്ടാകുകയും ചെയ്തു.
ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ ന്യൂന മർദ്ദം രേഖപ്പെടുത്തി സ്റ്റോം എമി യുകെയുടെ കാലാവസ്ഥാ ചരിത്രത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഞായറാഴ്ചയ്ക്കുള്ളിൽ കൊടുങ്കാറ്റ് ഉത്തരസമുദ്രത്തിലേക്ക് നീങ്ങുമെന്നും കാറ്റിന്റെ ശക്തി കുറയുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്യുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. അടുത്ത കൊടുങ്കാറ്റിന് ‘ബ്രാം’ (Bram) എന്ന പേരായിരിക്കും നൽകുക.
Leave a Reply