ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പതിമൂന്ന് വയസുള്ള വിദ്യാര്‍ത്ഥിക്ക് നിരവധി ലൈംഗിക സന്ദേശങ്ങള്‍ അയച്ച ടീച്ചര്‍ക്ക് ജയിൽ ശിക്ഷ. നൃത്താധ്യാപികയായ ജെന്നിഫർ ഹെസ്സെ (48) യാണ് തന്റെ വിദ്യാർഥിയുടെ വാട്ട്‌സ്ആപ്പിലേക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചത്. ലൈംഗിക സംതൃപ്തിക്കായി എപ്പോഴും തന്റെ ഒപ്പം ഇരിക്കണമെന്ന് ആൺകുട്ടിയോട് അവർ ആവശ്യപ്പെട്ടതായും കോടതി പറഞ്ഞു. മാതാപിതാക്കൾ കണ്ടെത്താതിരിക്കാൻ സന്ദേശങ്ങൾ വേഗത്തിൽ ഡിലീറ്റ് ചെയ്യാനും ജെന്നിഫർ നിർദേശം നൽകി. തനിക്ക് ഒരു കാമുകി ഉണ്ടെന്നും അതിനാൽ ഈ ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിദ്യാർഥി ഹെസ്സെയോട് പറഞ്ഞെങ്കിലും സന്ദേശങ്ങൾ അയക്കുന്നത് തുടരാൻ അവർ ആവശ്യപ്പെട്ടു.

ലൈംഗിക സംതൃപ്തിയ്ക്കായി കുട്ടിയെ ഉപയോഗിച്ചതിന് ജെന്നിഫർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. തനിക്ക് ജെന്നിഫറോട് പ്രണയമില്ലെന്ന് വിദ്യാർഥി പറഞ്ഞതായും പ്രോസിക്യൂട്ടർ വ്യക്തമാക്കി. ബാല്യകാലത്തെ അനുഭവങ്ങളും അസന്തുഷ്ടമായ ദാമ്പത്യവുമാണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ജെന്നിഫറെ ഇത്തരം പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് അഭിഭാഷകയായ ഓഡ്രി ആർച്ചർ പറഞ്ഞു.

വിദ്യാര്‍ഥിയുടെ ഫോണ്‍ പരിശോധിച്ച മാതാപിതാക്കളാണ് ടീച്ചറുടെ പ്രവര്‍ത്തികള്‍ കയ്യോടെ പിടിച്ചത്. ഇതോടെ ഇവര്‍ ലൈംഗിക ചൂഷണത്തിന് ടീച്ചര്‍ക്കെതിരെ കേസ് നല്‍കി. ജെന്നിഫറിന് കോടതി 12 മാസത്തെ ജയിൽ ശിക്ഷ വിധിച്ചു. 18 മാസത്തേക്ക് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒപ്പം 100 മണിക്കൂർ ശമ്പളമില്ലാത്ത ജോലി പൂർത്തിയാക്കണം. ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ പേര് ചേർത്തിട്ടുമുണ്ട്. അഞ്ചു വർഷത്തേക്ക് 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുമായി ബന്ധപ്പെടുന്നത് വിലക്കിക്കൊണ്ടുള്ള നിരോധന ഉത്തരവും കോടതി പുറപ്പെടുവിച്ചു.