ന്യൂസ് ഡെസ്ക് മലയാളം യുകെ
അന്റോണി കൊടുങ്കാറ്റ് യുകെയിൽ ആഞ്ഞടിക്കുന്നതിന് പിന്നാലെ നാല് കാലാവസ്ഥാ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ. വേനൽക്കാലത്ത് അപൂർവ്വമായി മാത്രം കാണുന്ന കനത്ത മഴയും ശക്തമായ കാറ്റും രാജ്യത്ത് രേഖപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അന്റോണി കൊടുങ്കാറ്റ് രാജ്യത്ത് ആഞ്ഞടിച്ചത്. ശനിയാഴ്ച വരെ രാജ്യത്ത് ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മെറ്റ് ഓഫീസ് അറിയിച്ചു. പടിഞ്ഞാറൻ വെയിൽസിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നോർത്തേൺ അയർലണ്ടിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
നോർത്തേൺ അയർലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും രാവിലെ 8:00 മുതൽ രാത്രി 8:00 വരെ കനത്ത മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് യെലോ അലേർട്ട് നൽകിയിട്ടുണ്ട്. പ്ലിമൗത്ത്, ബ്രിസ്റ്റോൾ, ബാത്ത് എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇതേ കാലയളവിൽ ശക്തമായ കാറ്റിന്റെ സാന്നിധ്യം മൂലം യെല്ലോ അലേർട്ട് നൽകി. യുകെയുടെ തീരപ്രദേശങ്ങളിൽ 65 മൈൽ വരെ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പടിഞ്ഞാറൻ വെയിൽസിനും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും രാവിലെ 11:00 മുതൽ രാത്രി 7:00 വരെ കാറ്റുണ്ടാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കൊടുങ്കാറ്റ് ഏറ്റവും മോശമായി ബാധിച്ച പ്രദേശങ്ങളിൽ കാറ്റ് മണിക്കൂറിൽ 60 മൈലിൽ അധികമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് യാത്രാ തടസ്സത്തിനും പവർ കട്ടിനും “നല്ല സാധ്യത” ഉണ്ട്.
Leave a Reply