മരണം നിരന്തരസാന്നിധ്യമായിരുന്നു ആതിരയുടെ കവിതകളില്‍. തന്റെ പ്രണയഭാജനത്തെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കേ ജന്മംനല്‍കിയ അച്ഛന്റെ കൈകൊണ്ടുതന്നെ ഓര്‍മയായി അവള്‍. മരണത്തിന്റെ സൂചനകള്‍ ഒളിപ്പിച്ച കുറേ കവിതകള്‍ സമ്മാനിച്ചുകൊണ്ട്. എഴുതിയ അക്ഷരങ്ങളിലെല്ലാം ആതിരയുടെ ജീവിതമുണ്ടായിരുന്നു.

മഞ്ഞുപോലുരുകുമ്പോഴും …’ എന്നിങ്ങനെ വേദനകളില്‍ പൊള്ളി ആ എഴുത്ത്. സുവനീറിലെഴുതിയ ‘അവള്‍’ എന്ന കവിത അവസാനിപ്പിക്കുന്നതിങ്ങനെ-

‘ഗ്രീഷ്മത്തിന്റെ സൗന്ദര്യവും വര്‍ഷത്തിന്റെ സംഗീതവും അവള്‍ ആസ്വദിച്ചില്ല. കാരണം ഒരു താലിച്ചരട് അവളെ ബന്ധിച്ചിരുന്നു’. മോര്‍ച്ചറയിലെ ഫ്രീസറില്‍ തണുത്തുറഞ്ഞ് അവള്‍ കിടന്നപ്പോള്‍ ആ വരികള്‍ പലരുടെയും ഹൃദയം കൊത്തിവലിച്ചു. താലിമാലയുമായി വന്ന ബ്രിജേഷിന് കാണാനായതും തണുത്തു വിറങ്ങലിച്ച്‌ ചേതനയറ്റ ആ ശരീരം മാത്രം. വാത്സല്യത്തേക്കാള്‍ ദുരഭിമാനം സ്വന്തം പിതാവിനെ ഭരിച്ചപ്പോള്‍ അവളുടെ ജീവനെടുക്കാന്‍ തന്നെ പിതാവ് തീരുമാനിക്കുകയായിരുന്നു.

അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓട്ടോഡ്രൈവറായ രാജനാണ് (48) 21കാരിയായ മകള്‍ ആതിരയെ അയല്‍വീട്ടില്‍വച്ചു കുത്തിവീഴ്ത്തിയത്. കീഴ്ജാതിക്കാരനായ യുവാവുമായി പ്രണയവിവാഹത്തിനൊരുങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സാളിഗ്രാം ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു ആതിരയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ഡയാലിസിസ് യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്നു ആതിര.

ഇതിനിടെ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബംഗളൂരുവിലെ മിലിട്ടറി ഉദ്യോഗസ്ഥന്‍ ബ്രിജേഷ് അമ്മയുമായി ഒരിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. അങ്ങനെയാണ് പരിചയപ്പെട്ടത്. പരിചയം പ്രണയത്തിനു വഴിമാറി. ഇതിനിടെ ആതിരയ്ക്ക് ചില ആലോചനകള്‍ വന്നതോടെ ഇരുവരും വീട്ടുകാരെ അറിയിച്ച്‌ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ രാജന്‍ ഈ ബന്ധം അംഗീകരിക്കാന്‍ തയ്യാറായില്ല. ആതിരയുടെ അമ്മയും ബന്ധുക്കളുമടക്കം അനുകൂല നിലപാട് എടുത്തെങ്കിലും രാജന്റെ എതിര്‍പ്പ് ശക്തമായിരുന്നു. ഇടയ്ക്കൊക്കെ മദ്യപിച്ചെത്തുന്ന രാജന്‍ നിന്നെയും കൊന്ന് ഞാനും ചാകുമെന്ന് പറയാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. എന്നാല്‍ നാട്ടില്‍ എല്ലാവര്‍ക്കും നല്ലപോലെ അറിയാവുന്ന രാജന്‍ പറയുന്നതു പോലെ ചെയ്തുകളയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അച്ഛന്റെ എതിര്‍പ്പ് ശക്തമായപ്പോള്‍ ആതിര ബ്രിജേഷിനൊപ്പം ഒരുനാള്‍ വീടുവിട്ടിറങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാട്ടി രാജന്‍ അരീക്കോട് പൊലീസില്‍ പരാതി നല്‍കി. ആതിര കാമുകന്റെ വീട്ടിലേക്കല്ല പോയത്. അവളുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. പരാതിയെ തുടര്‍ന്ന് പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും തങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതായും ഒരുമിച്ച്‌ താമസിക്കാനാണ് ഇഷ്ടമെന്നും പറയുകയായിരുന്നു. ഒടുവില്‍ ഏറെ നിര്‍ബന്ധത്തിനൊടുവില്‍ വിവാഹം നടത്തി നല്‍കാമെന്ന് രാജന്‍ ഉറപ്പ് നല്‍കിയാണ് പുറത്തിറങ്ങിയത്.

കീഴ്ജാതിക്കാരന്റെ കൂടെ മകള്‍ പോയാല്‍ നാട്ടുകാരുടെ മുഖത്ത് നോക്കാനാകില്ലെന്ന് രാജന്‍ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു. പൊലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വിവാഹത്തിന് സമ്മതം മൂളിയെങ്കിലും വിവാഹശേഷം വീട്ടില്‍ കാലുകുത്താന്‍ പാടില്ലെന്ന് രാജന്‍ പറഞ്ഞിരുന്നുവത്രെ. ദിവസവും മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. വിവാഹത്തലേന്ന് മദ്യപിച്ചു വീട്ടിലെത്തിയ രാജന്‍ ആതിരയുടെ സാധനങ്ങളൊക്കെ വലിച്ച്‌ കൂട്ടിയിട്ട് തീയിടുകയായിരുന്നു ആദ്യം. ഭീഷണിപ്പെടുത്തിയിട്ടും ആതിര വിവാഹത്തില്‍ നിന്നും പിന്മാറില്ലെന്ന് ഉറപ്പായതോടെയായിരുന്നു അക്രമം. അച്ഛന്‍ ഉപദ്രവിക്കുമെന്ന് ബോധ്യമായതോടെയാണ് ആതിര ബന്ധുവായ അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറി വാതില്‍ അടച്ചിരുന്നത്.

എന്നാല്‍ രാജന്‍ പിന്നാലെ ഓടിവന്ന് വാതില്‍ ചവിട്ടി പൊളിച്ചു. അകത്ത് കയറി ചുറ്റും നോക്കുന്നതിനിടെ കട്ടിലിനടിയില്‍ പതുങ്ങിയിരുന്ന് ഭയത്തോടെ നോക്കുന്ന മകളെയാണ് കണ്ടത്. വാത്സല്യത്തിന്റെ കണികപോലും ആ പിതാവിലപ്പോഴുണ്ടായിരുന്നില്ല. കട്ടിലിനടിയിലേക്ക് കൈനീട്ടി വലിച്ച്‌ പുറത്തേക്ക് ഇടുകയായിരുന്നു. ആതിരയുടെ നിലവിളി ഉയര്‍ന്നെങ്കിലും ആരെങ്കിലും ഓടിയെത്തും മുമ്ബ് ആതിരയുടെ ഇടനെഞ്ചില്‍ കത്തികുത്തിയിറക്കി. ആ വീട്ടില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്രമംകണ്ട് അവര്‍ പകച്ചുനില്‍ക്കുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ ചിലരാണ് പെണ്‍കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മകളെ കുത്തിവീഴ്ത്തിയ ശേഷം ഓടിക്കൂടിയ നാട്ടുകാരെയും കത്തികാട്ടി രാജന്‍ അകറ്റി നിറുത്തി. എന്നാല്‍ പൊലീസെത്തിയതോടെ കീഴടങ്ങുകയായിരുന്നു. ഇതൊക്കെ നടക്കുമ്ബോഴും ബ്രിജേഷ് പിറ്റേന്ന് പ്രണയിനിക്ക് താലി ചാര്‍ത്താനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. അവള്‍ മരിച്ചത് ബ്രിജേഷിന്റെ ബന്ധുക്കള്‍ അറിഞ്ഞെങ്കിലും വരനെ അറിയിക്കാനുള്ള ധൈര്യം വന്നില്ല. അപകടം പറ്റി എന്നു മാത്രം അവനോട് പറഞ്ഞു. താലിയുമായി പുറപ്പെട്ട ബ്രിജേഷ്,പക്ഷേ, അവളെ കണ്ടു മുട്ടിയത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.