മുംബൈ: മുംബൈയില്‍ ഭീകരാക്രമണം നടത്തുന്നതിനു മുന്നോടിയായി എട്ടു തവണ ഇന്ത്യയിലെത്തിയിരുന്നതായി ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയുടെ പ്രവര്‍ത്തകനായിരുന്നു താനെന്നും ഹെഡ്‌ലി മൊഴി നല്‍കി. ഏഴു തവണ മുംബൈയിലായിരുന്നു താന്‍ എത്തിയത്. ലഷ്‌കറെ നേതാവ് സാജിദ് മിറിന്റെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനമെന്നും ഹെഡ്‌ലി മൊഴി നല്‍കി. മുംബൈ സ്‌ഫോടനക്കേസില്‍ മുംബൈയിലെ ടാഡ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി നല്‍കവെയാണ് ഹെഡ്‌ലി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബറിലാണ് ഹെഡ്‌ലിയെ ആദ്യമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണ നടത്തിയത്. കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം സ്വീകരിച്ചതിനേത്തുടര്‍ന്നാണ് വീണ്ടുെം വിചാരണ നടത്തുന്നത്. മുംബൈ ഭീകരാക്രമണത്തിലെ പ്രധാന കണ്ണിയായ ഹെഡ്‌ലിയില്‍ നിന്ന് ഹാഫിസ് സയിദ്, സഖിയുര്‍ റഹ്മാന്‍ ലഖ്‌വി എന്നിവരുടെ പങ്ക് പുറത്തു കൊണ്ടുവരാനാകുമെന്നാണ് ഇന്ത്യ കണക്കു കൂട്ടുന്നത്. ഇവര്‍ക്ക് മുംബൈ ആക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്‍ വാദത്തെ തകര്‍ക്കുകയാണ് ലക്ഷ്യം.
മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐ എസ് ഐയ്ക്കും സൈന്യത്തിനും പങ്കുണ്ടായിരുന്നുവെന്ന് എന്‍ഐഎ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അറിവോടെയായിരുന്നു ആക്രമണമെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനില്‍ നിരോധിച്ച സംഘടനയായ ജമാഅത്തുദ്ദവയുടെ തലവനായ ഫാഫിസ് സയ്യിദിന്റെ അനുമതിയോടെയാണ് മുംബൈ ആക്രമണം നടന്നത്. ഐഎസ്‌ഐ ആണ് ഇതിന് സാമ്പത്തിക സഹായം നല്‍കിയതെന്നും ഹെഡ്‌ലി പറഞ്ഞിരുന്നു.
അമേരിക്കന്‍ കോടതിയില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മൊഴി നല്‍കാനിരിക്കെയാണ് നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവന്നത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സി നല്‍കിയ വിവരങ്ങളും ഹെഡ്‌ലിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. നിലവില്‍ മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോടതി ഹെഡ്‌ലിക്ക് 35 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ദാവൂദ് ഗീലാനിയെന്ന പാകിസ്ഥാന്‍കാരനാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നു പേരു മാറ്റിയത്.