ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഖത്തറിൽ നടന്ന ലോകകപ്പിൽ ഇന്നലെ ഇംഗ്ലണ്ടിനും വെയിൽസിനും നിരാശയുടെ ദിവസം ആയിരുന്നു. ഇരു ടീമുകൾക്കും നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ അവസരം ഉണ്ടെങ്കിലും യുഎസ്എയുമായുള്ള സമനിലയ്ക്കു പിന്നാലെ ഇറാനോട് തോൽവിക്ക് വഴങ്ങിയതോടെ വെയിൽസിന്റെ സാധ്യതകൾ കുറഞ്ഞു. യുഎസ്എയ്‌ക്കെതിരെ വിജയച്ചിരുന്നെങ്കിൽ ഇംഗ്ലണ്ടിന് അടുത്ത റൗണ്ടിലേക്ക് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാമായിരുന്നു. പക്ഷേ ഇംഗ്ലണ്ടിന് സമനില വഴങ്ങേണ്ടതായി വന്നു. അതേസമയം ഇറാൻ വെയിൽസിനെ (2 – 0) ആണ് തോൽപ്പിച്ചത്. ഖത്തർ ലോകകപ്പിൽ വീണ്ടും ഏഷ്യൻ ടീമുകളുടെ പടയോട്ടമാണ് ഇന്നലെ കാണാൻ സാധിച്ചത്. വെയിൽസിന്റെ ഗോളി ഹെൻസെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് മത്സരത്തിന് വഴിത്തിരിവായത്. ഇഞ്ചുറി ടൈമിൽ റൂസ്ബെ ചെഷ്മി, റമീൻ റസായേൻ എന്നിവരുടെ ഗോളുകളാണ് ഇറാന് രക്ഷയായത്. ഇംഗ്ലണ്ട് തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ ഇറാനെ(6 – 2 )ന് തറപറ്റിച്ചിരുന്നു.
ഗോളിയെ അവസാനം നിമിഷം മാറ്റേണ്ടിവന്നത് വെയിൽസ് ടീമിന് വൻ വെല്ലുവിളിയാണ് നൽകിയത്. പതിനഞ്ചാം മിനിറ്റിൽ തന്നെ ഇറാൻ ഗോൾ അടിച്ചെങ്കിലും അത് ഓഫ്സൈഡായി തെളിഞ്ഞതോടെ ഗോൾ അനുവദിച്ചില്ല. തങ്ങൾ മനസ്സിൽ കരുതിയ രീതിയിൽ ഇതുവരെയും കളിക്കാൻ ആയിട്ടില്ലെന്നും ഇംഗ്ലണ്ടിനെതിരെയുള്ള അവസാനം മാച്ചിൽ ഉജ്ജ്വലമായ പ്രകടനം ഉണ്ടാകുമെന്നും വെയിൽസ് മാനേജർ റോബ് പേജ് പറഞ്ഞു.
ഇംഗ്ലണ്ട് – യുഎസ് പോരാട്ടം ഗോൾ രഹിത സമനിലയിൽ എത്തി അവസാനിച്ചതോടെ ബി ഗ്രൂപ്പിലെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്തു. ആദ്യം മത്സരത്തിൽ ഇറാൻ എതിരെ ഉജ്ജ്വല പ്രകടനം കാഴ്ച്ചവച്ച ഇംഗ്ലണ്ടിന് പക്ഷേ യുഎസിനെതിരെ ഗോളടിക്കാനുള്ള അവസരങ്ങൾ ലഭിച്ചില്ല. രണ്ടാം പകുതിയിൽ ഗോളടിക്കാനുള്ള യുഎസ്എയുടെ ശ്രമങ്ങളും ഫലം കണ്ടില്ല. യുഎസ്എയ്‌ക്കെതിരെയുള്ള ഈ മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ടിന് അടുത്ത ഘട്ടത്തിലേക്കുള്ള യോഗ്യത ലഭിക്കുമായിരുന്നു. അതേസമയം യുഎസ്എയ്ക്ക് മികച്ച അവസരങ്ങളാണ് ലഭിച്ചിരുന്നത്. മധ്യനിര താരമായ വെസ്റ്റൺ മക്കെന്നിക്ക് അനായാസമായ ഒരു ഓപ്പണിങ് നഷ്ടമായി. ആദ്യ മത്സരത്തിൽ വെയിൽസിനോട് സമനിലേക്ക് വഴങ്ങിയ യുഎസിന് നിലവിൽ രണ്ട് പോയിന്റാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ ഇറാനെതിരെ (6 – 2)ന് ജയിച്ച ഇംഗ്ലണ്ടാകട്ടെ നാലു പോയിൻറ് ലഭിച്ച് ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുണ്ട്. ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ഇംഗ്ലണ്ടും വെയിൽസും തമ്മിൽ ഏറ്റുമുട്ടുന്നത്.
Leave a Reply