ലണ്ടൻ: യുകെയിലെ നാഷണൽ ഹെൽത്ത് സെർവിസിൽ കൊറോണക്കെതിരെ പോരാടി ജീവൻ ഹോമിച്ച NHS ഹീറോകളുടെ കുടുംബത്തെ നെഞ്ചിലേറ്റി ബ്രിട്ടീഷ് സർക്കാർ. ഓരോ കുടുംബത്തിനും ഉണ്ടായിട്ടുള്ള നഷ്ടങ്ങൾക്ക് പണം പകരമാവില്ല എന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിലും കണ്ണീരിൽ മുങ്ങിയ നേഴ്‌സുമാരുടെയും ഡോക്ടർമാരുടെയും മറ്റു ഹെൽത്ത് ജീവനക്കാരുടെയും കുടുംബത്തെ കരം പിടിച്ചു ഉയർത്താൻ ശ്രമിക്കുന്ന പ്രഖ്യപനങ്ങൾ ആണ് പത്രസമ്മേളനത്തിൽ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പുറത്തുവിട്ടത്.
കൊറോണ മൂലം മരണമടഞ്ഞ ഫ്രണ്ട് ലൈൻ ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് 60,000 പൗണ്ടിന്റെ ധനസഹായം നൽകുമെന്ന് അറിയിച്ചു. എന്നാൽ ഈ തുക ടാക്‌സ് രഹിതമാണോ എന്ന് വ്യക്തമല്ല. എന്‍എച്ച്എസ് ഫ്രണ്ട് ലൈന്‍ സ്റ്റാഫിന് ഷോര്‍ട്ട് ടേം ലൈഫ് അഷുറന്‍സ് സ്‌കീം ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നു. കൊറോണയുമായി ബന്ധപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുന്ന മറ്റു കീ വര്‍ക്കേഴ്‌സിനെയും ഈ സ്‌കീമിന്റെ കീഴില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് പ്രഖ്യപിച്ച സാമ്പത്തിക സഹായവും, ലൈഫ് അഷുറൻസും വിദേശ ജോലിക്കാർക്കും, പെൻഷൻ പറ്റിയശേഷം ഇപ്പോൾ തിരിച്ചു ജോലിയിൽ പ്രവേശിച്ചവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
82 എന്‍എച്ച്എസ് സ്റ്റാഫുകളും 16 കെയര്‍ വര്‍ക്കേഴ്‌സും ആണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. അതിനിടെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ചെറിയ ബിസിനസ് സ്ഥാപനങ്ങൾക്ക് 50,000 വരെ വായ്‌പ ലഭ്യമാക്കുന്ന പുതിയ പദ്ധതി ഇന്ന് രാവിലെ ധനകാര്യ വകുപ്പ് മേധാവി റിഷി സുനാക് പ്രഖ്യപിച്ചിരുന്നു. നൂറു ശതമാനം ഗവൺമെന്റ് ഗ്യാരന്റി ആണ് ലോണിന് നൽകുന്നത്.
യുകെയിലെ എല്ലാവര്ക്കും ആശ്വാസമായി ഇന്നത്തെ മരണ സംഖ്യ 360 ഒതുങ്ങി. ശുഭ സൂചനകൾ ആണ് എന്ന് വിലയിരുത്തപ്പെടുന്നു. ആകെ മരണ സംഖ്യ 21,092 ൽ എത്തിനിൽക്കുന്നു. കഴിഞ്ഞ ഏഴ് ദിവസത്തെ ആവറേജ് മരണ സംഖ്യ നോക്കിയാൽ പീക് സമയം കഴിഞ്ഞു എന്നാണ് വിദഗ്ദ്ധരുടെ അനുമാനം.
ബ്രിട്ടീഷ് പ്രധാനമന്ത്രി കൊറോണ ബാധിതനായശേഷം പൂർണ്ണ ആരോഗ്യവാനായി തിരിച്ചു ഓഫീസിൽ എത്തിയ ദിവസം കൂടിയായിരുന്നു ഇന്ന്. അതേസമയം അക്ഷമരായ യുകെ ജനത പതിവില്ലാതെ നിരത്തിലിറങ്ങിയതായി എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. മോട്ടോർ വേ പതിവില്ലാതെ കാറുകളെകൊണ്ട് നിറഞ്ഞിരുന്നു. എന്നിരുന്നാലും എന്ന് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ഇതുവരെ സൂചിപ്പിച്ചിട്ടില്ല.
Leave a Reply