ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത ഒഴിയുന്നില്ല. മൊബൈല്‍ ടവറുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ഇന്ന് പോലീസിന് ലഭിക്കും. പ്രദേശത്ത് അന്ന് മൊബൈല്‍ ഉപയോഗിച്ചവരുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കുമെന്നതിനാല്‍ കേസന്വേഷണത്തിന് ഏറ്റവും ഗുണകരമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തുന്നതോടെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. കുട്ടിയെ കാണാതായ സമയം മുതല്‍ മൃതദേഹം കണ്ടെത്തിയതുവരെയുള്ള എല്ലാ ഫോണ്‍ സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. അന്വേഷണസംഘം ഇന്നലെ കുട്ടിയുടെ മാതാപിതാക്കളെ നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു.
അമ്മ ധന്യയുമായി ഒരു മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. പൊലീസിന്റെ സംശയങ്ങള്‍, രക്ഷിതാക്കളുടെ സംശയങ്ങള്‍, ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഓരോ വിവരവും ചോദിച്ചറിഞ്ഞത്. മൊഴി രേഖപ്പെടുത്താനായി ഇവരെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ രണ്ടുതവണ ധന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കുട്ടി ഒരിയ്ക്കലും തനിയെ പുഴയുടെ ഭാഗത്തേക്ക് പോകില്ലെന്ന നിലപാടിലാണ് അച്ഛനും അമ്മയും ഇന്നലെയും ഉറച്ചുനിന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 61 പേരെ ചോദ്യം ചെയ്തു.
Leave a Reply