വ്‌ളോഗര്‍ റിഫാ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും മെഹ്നാസ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകണമെന്ന് മെഹ്നാസിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ദുരൂഹ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ആണ് മെഹ്നാസിന്റെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയത്. റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. നിലവില്‍ മെഹ്നാസിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയിരുന്നു. കഴുത്തില്‍ ആഴത്തിലുള്ള അടയാളം കണ്ടെത്തി. ഇത് അന്വേഷണത്തില്‍ വഴിത്തിരിവാണ്. അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
നേരത്തെ മെഹ്നാസിന്റെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസര്‍ഗോഡേയ്ക്ക് പോയിരുന്നു. എന്നാല്‍ മെഹ്നാസിനെ കാണാഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം.
മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്.കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്.
Leave a Reply