ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ തൂക്കുകയർ കാത്ത് കഴിയുന്ന നിനോ മാത്യുവിന് പൂജപ്പുര സെൻട്രൽ ജയിലിൽ മേസ്തിരിപ്പണി. സെല്ലിലെ മറ്റ് തടവുകാരുടെ മേൽനോട്ടവും ദൈനംദിന കാര്യങ്ങളുടെ ചുമതലയും ശിക്ഷിക്കപ്പെടുംമുമ്പ് ടെക്നോപാർക്കിലെ സോഫ്ട് വെയർ കമ്പനിയിലെ ഗ്രൂപ്പ് ലീഡറായിരുന്ന നിനോ മാത്യുവിനാണ്. വധശിക്ഷ വിധിച്ചവരെ സുരക്ഷാ കാരണങ്ങളാൽ അവർ പാർക്കുന്ന കണ്ടം സെല്ലിന് പുറത്തിറക്കാൻ പാടില്ലെന്നും ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും അനുവദിച്ചുകൂടായെന്നുമാണ് ചട്ടമെങ്കിലും മാസങ്ങളായി സെൻട്രൽ ജയിലിലെ റൗണ്ട് ബ്ളോക്കിൽ സജീവമാണ് നിനോ മാത്യു.

സഹപ്രവർത്തകർ തമ്മിലുള്ള പ്രണയം അതിരുവിടുകയും വേർപിരിയാനാകാത്ത വിധം വളരുകയും ചെയ്തതിന്റെ ദുരന്തഫലമായിരുന്നു മൂന്നുവർഷം മുമ്പ് ആറ്റിങ്ങലിനെ നടുക്കിയ അരുംകൊല. ആറ്റിപ്ര സ്വദേശി നിനോമാത്യു, കാമുകി ആറ്റിങ്ങൽ സ്വദേശി അനുശാന്തി എന്നിവരാണ് പ്രതികൾ. ടെക്നോ പാർക്ക് ജീവനക്കാരനായ നിനോമാത്യുവിന്റെ സഹപ്രവർത്തകയായിരുന്നു അനുശാന്തി. 2014 ഏപ്രിൽ 16നായിരുന്നു കേസിനാസ്​പദമായ സംഭവം. അനുശാന്തിയുടെ മകൾ സ്വാസ്തിക (4) ഭർത്താവിന്റെ അമ്മ ഓമന (67) എന്നിവരെയാണ് നിനോ മാത്യു പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. അനുശാന്തിയുമായി ഇയാൾക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെയും മാരകമായി വെട്ടിപരിക്കേൽപ്പിച്ചെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കേസിൽ നിനോയ്ക്ക് വധശിക്ഷയും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്.

തടവുപുള്ളികൾക്കുള്ള സാധനങ്ങൾ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്റ്റോറാണ് നിനോയുടെ താവളം. ഇവിടെ തടവുകാർക്ക് ആവശ്യമായ എല്ലാ സാധനങ്ങളും നിനോ വഴിയാണ് വിതരണം. ഇവയുടെ കണക്കുകൾ സൂക്ഷിക്കുന്നതും ആവശ്യാനുസരണം സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതുമെല്ലാം നിനോതന്നെ. ഇതിനെല്ലാം ജയിലുദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ടാകും. നാടിനെ ഞെട്ടിച്ച അരുംകൊലകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിനോയെ റൗണ്ട് ബ്ളോക്കിലാണ് പാർപ്പിച്ചിരിക്കുന്നത്. ആലുവാ കൂട്ടക്കൊലക്കേസിലെ ആന്റണി, ഇരട്ടക്കൊലക്കേസിൽ ജയിലിലായ റിപ്പർ ജയാനന്ദൻ തുടങ്ങിയവരാണ് നിനോ മാത്യുവിന്റെ കൂട്ടാളികളായി റൗണ്ട് ബ്ളോക്കിൽ കഴിയുന്നവർ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജയിലിലെത്തി ഏതാനും ആഴ്ചകൾ കരച്ചിലും പിഴിച്ചിലുമായി കഴിഞ്ഞ നിനോ പിന്നീട് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. തനിക്ക് പറ്രിയ തെറ്റിൽ തരംകിട്ടുമ്പോഴൊക്കെ പശ്ചാതപിക്കുന്നുണ്ട്. നിനോ മാത്യുവിന്റെ വിദ്യാഭ്യാസവും കാര്യപ്രാപ്തിയും കണ്ടറിഞ്ഞാണ് തുടക്കത്തിൽ ജയിലിൽ ജോലികൾ നൽകിയിരുന്നത്. ആദ്യമൊക്കെ കിടന്നിരുന്ന ബ്ളോക്കിന്റെ ചുമതല മാത്രമായിരുന്നു നിനോയ്ക്ക് നൽകിയത്. ബ്ളോക്കിൽ തടവുകാരുമായി നല്ല ബന്ധത്തിലായ നിനോ ജയിലുദ്യോഗസ്ഥർക്ക് സെല്ലിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ സഹായമായതോടെ സ്റ്റോറിന്റെ ചുമതലകൂടി നൽകി. സ്റ്റോറിലെ സാധനങ്ങളുടെ സ്റ്റോക്കും വിതരണവും കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതായിരുന്നു ആദ്യമൊക്കെ പണി. പിന്നീട് കമ്പ്യൂട്ടറിനും ജയിലുദ്യോഗസ്ഥരുടെ മൊബൈൽ ഫോണിനുമുണ്ടാകുന്ന തകരാറുകൾ ശരിയാക്കുന്നതിനും അതിൽ പുതിയ സോഫ്ട് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതുമെല്ലാം നിനോയുടെ പണിയായി. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിനോയുടെ വൈദഗ്ധ്യം ജയിൽ ജീവനക്കാരെപ്പോലും അത്ഭുതപ്പെടുത്തി. കമ്പ്യൂട്ടർ എൻജിനീയറിംഗ് ബിരുദധാരിയായ നിനോ അങ്ങനെ ജയിലിലെ കമ്പ്യൂട്ടറുകളുടെ മാസ്റ്ററായി.