ന്യൂസ് ഡെസ്ക് മലയാളം യുകെ
ടെല്‍ അവീവ്: ഇസ്രയേലില്‍ ശനിയാഴ്ച പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. ഹമാസ് ആദ്യം ലക്ഷ്യംവെച്ച സൂപ്പര്‍നോവ സംഗീത പരിപാടി നടന്ന ഗ്രൗണ്ടില്‍ നിന്ന് മാത്രം 250-ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. നൂറു കണക്കിന് സൈനികരടക്കമുള്ള ഇസ്രയേല്‍ പൗരന്‍മാര്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ട്. അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 400-ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
ജനവാസമേഖലയിൽ ഉൾപ്പെടെ ശക്തമായ ആക്രമണം ഉണ്ടായി. ശനിയാഴ്ച രാവിലെ ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേല്‍ പ്രത്യാക്രമണം കടുപ്പിച്ചത്. ഇതോടെ ഗാസയിലെ ആശുപത്രികൾ നിറഞ്ഞു. ഇസ്രയേലിന് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ച യുഎസ് മേഖലയിലേക്ക് കപ്പലുകളും വിമാനങ്ങളും വിന്യസിച്ചു. കൂടാതെ യുദ്ധ സാമഗ്രികളും അയച്ചിട്ടുണ്ട്.
ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ ഗാസയില്‍ നിന്ന് പാലായനം ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 74000 ത്തോളം പേര്‍ സ്‌കൂളുകളില്‍ അഭയം തേടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷായോഗം വിളിച്ചു.
Leave a Reply