ഉത്തർപ്രദേശിലെ ഹാഥ്‌റസ് ജില്ലയിൽ മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 116 പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഫുലരി ഗ്രാമത്തിൽ ചൊവ്വാഴ്ച ഭോലെ ബാബ എന്ന മതപ്രഭാഷകൻ നടത്തിയ സത്സംഗത്തിനിടെയാണ് അപകടം.

പരിപാടിക്കുശേഷം ഭോലെ ബാബയെ കാണാൻ ആളുകൾ തിരക്കുകൂട്ടിയതും ബാബയുടെ കാൽപ്പാദത്തിനരികിൽനിന്ന് മണ്ണ് ശേഖരിക്കാൻ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാവാൻ കാരണമായതെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആശുപത്രിയിൽനിന്നുള്ള വിവരം. മരിച്ചവരെയും അബോധാവസ്ഥയിലായവരെയും ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലാണ് ആശുപത്രിയിലെത്തിച്ചത്.

‘സകാർ വിശ്വ ഹരി ഭോലെ ബാബ’ എന്ന ബാനറിൽ നടത്തിയ സത്സംഗത്തിൽ പങ്കെടുക്കാൻ 15,000-ത്തോളം പേരെത്തിയിരുന്നു. സത്സംഗം നടത്താൻ താത്കാലികാനുമതി നൽകിയിരുന്നതായി അലിഗഢ് ഐ.ജി. ശലഭ് മതുർ പറഞ്ഞു. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടുക്കം രേഖപ്പെടുത്തി.

ദുരന്തകാരണം അന്വേഷിക്കാൻ ആഗ്രാ മേഖലാ അഡീഷണൽ ഡയറക്ടർ ജനറൽ, പോലീസ് കമ്മിഷണർ എന്നിവരുൾപ്പെടുന്ന സംഘത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചു. സംഘാടകർക്കെതിരേ കേസ്സെടുക്കുമെന്ന് സർക്കാർ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയും സംസ്ഥാനസർക്കാരും സഹായധനം പ്രഖ്യാപിച്ചു.

ന്യൂഡൽഹി: യു.പി.യിലെ ഹാഥ്‌റസിൽ ചൊവ്വാഴ്ച തിക്കിലും തിരക്കിലുംപെട്ട് 97 പേർ മരിക്കാനിടയായ സത്സംഗം നടത്തിയത് സ്വയംപ്രഖ്യാപിത ആൾദൈവം. ഭോലെ ബാബ എന്ന നാരായൺ സാകറിന്റെ പ്രഭാഷണം കേൾക്കാനാണ് പതിനായിരങ്ങൾ ഫുലരി ഗ്രാമത്തിലേക്കെത്തിയത്.

ഇയാൾ ഇന്റലിജൻസ് ബ്യൂറോയിൽ ഉദ്യോഗസ്ഥനായിരുന്നെന്നാണ് അവകാശപ്പെടുന്നത്. 1990-ൽ ജോലിയുപേക്ഷിച്ച് ആത്മീയവഴി തിരഞ്ഞെടുക്കുകയായിരുന്നെന്നാണ് ഇദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞിരുന്നത്. പടിഞ്ഞാറൻ യു.പി., ഉത്തരാഖണ്ഡ്, ഹരിയാണ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ ഇയാൾക്ക് അനുയായികളുണ്ടെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കാലത്തിനു ശേഷമാണ് ഭോലെ ബാബ കൂടുതൽ പ്രസിദ്ധനായത്.