മുംബൈയിലെ ദോംഗ്രിയില്‍ നൂറ് വര്‍ഷം പഴക്കമുള്ള കെട്ടിടം പൊളിഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം 14 ആയി. നാല്‍പ്പതോളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ടെങ്കിലും രണ്ട് കുട്ടികളുള്‍പ്പെടെ ഒമ്പത് പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയിരിക്കുന്നത്.
തെക്കന്‍ മുംബൈയിലെ പ്രദേശവാസികള്‍ക്കൊപ്പം ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇവര്‍ തെരച്ചില്‍ നടത്തി. നിരവധി പഴയ കെട്ടിടങ്ങള്‍ക്കിടയിലുള്ള ഇടുങ്ങിയ വഴികളിലൂടെയാണ് ഈ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലേക്ക് എത്താനാകൂവെന്നതാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നത്. കൈകൊണ്ടും ചെറിയ യന്ത്രങ്ങള്‍ കൊണ്ടുമാണ് കോണ്‍ക്രീറ്റ് കഷണങ്ങളും കല്ലുകളും നീക്കം ചെയ്യുന്നത്. വലിയ യന്ത്രങ്ങള്‍ ഇവിടേക്ക് എത്തിക്കാനാകില്ല.
കഴിഞ്ഞയാഴ്ച കനത്ത മഴയില്‍ വലിയ തോതിലുള്ള വെള്ളക്കെട്ടുണ്ടായ സ്ഥലമാണ് ഇത്. നാട്ടുകാര്‍ ചെങ്ങല പോലെ നിന്നാണ് അവശിഷ്ടങ്ങള്‍ പുറത്തേക്ക് എത്തിച്ചത്. ദോംഗ്രി മേഖലയിലെ ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള നാല് നിലകെട്ടിടമായ കേസര്‍ബായി ബില്‍ഡിംഗാണ് തകര്‍ന്ന് വീണത്. ഏകദേശം 90-100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എണ്‍പതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഈ കെട്ടിടം അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്പ്‌മെന്റ് അതോറിറ്റി അറിയിച്ചത്.
Leave a Reply