സ്വന്തം ലേഖകൻ

ലണ്ടൻ : ലോകത്തിനുമേൽ മഹാമാരിയായി പതിച്ച കോവിഡിന് അന്ത്യമുണ്ടോ? ലോകത്തിലെ എല്ലാ ജനങ്ങളും ഇപ്പോൾ ഉറ്റുനോക്കുന്ന വസ്തുതയാണത്. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഗം ഇപ്പോൾ ലോകത്തിലെ വൻ രാജ്യങ്ങളെ കാർന്നുതിന്നുകയാണ്. ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27000 കടന്നു. ആറ് ലക്ഷത്തോളം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. ഇറ്റലി, അമേരിക്ക, സ്പെയിന്‍ എന്നിവിടങ്ങളില്‍ സ്ഥിതി മോശമാണ്. അമേരിക്കയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. 1695 മരണങ്ങൾ മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളെങ്കിലും കേസുകൾ ഏറുന്നത് മൂലം മരണസംഖ്യ എത്രവേണേലും ഉയർന്നേക്കാം. കേസുകളുടെ എണ്ണത്തിൽ ഇറ്റലി, ചൈനയ്ക്കും മുമ്പിലെത്തി. 86, 500 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 9134 മരണങ്ങളാണ് ഇറ്റലിയിൽ ഉണ്ടായത്. രാജ്യത്തിന്റെ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളെയും തച്ചുടയ്ക്കുന്ന രീതിയിലാണ് മരണസംഖ്യ ഉയരുന്നത് . ഇറ്റലിക്ക് ശേഷം സ്ഥിതി ഏറ്റവും ഗുരുതരമാകുന്ന യൂറോപ്യൻ രാജ്യമാണ് സ്പെയിൻ. ഏപ്രിൽ 12 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മരണ സംഖ്യയിൽ സ്പെയിനും ചൈനയെ മറികടന്നു. സ്പെയിനിൽ മരണസംഖ്യ 5000 കടന്നു.

ജർമനിയിൽ കേസുകൾ അരലക്ഷം കടന്നു. ഫ്രാൻസിലും ഇറാനിലും രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും പതിനായിരം കടന്നു. രോഗം ആദ്യം സ്ഥിരീകരിച്ച ബ്രസീലിലാണ് 3000ത്തിലധികം രോഗികളും. 92 പേരാണ് ബ്രസീലിൽ മരിച്ചത്. യു.എ.ഇയിൽ 72 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 405 ആയി. മിക്ക രാജ്യങ്ങളും ഇപ്പോൾ ലോക്ക്ഡൗൺ നടപടിയിലാണ്. ഈ സമയത്ത് ജനങ്ങൾ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ച്‌ ലോകാരോഗ്യസംഘടനയുടെ തലവൻ തെദ്രോസ്‌ അഥാനം ഗെബ്രേസിയുസ്‌ നിർദേശങ്ങൾ പങ്കുവച്ചു. ആരോഗ്യകരവും പോഷകഗുണമുള്ളതുമായ ആഹാരം കഴിക്കുക, മദ്യപാനവും പുകവലിയും നിയന്ത്രിക്കുക, വ്യായാമം ശീലമാക്കുക, വീടുകളിൽ നൃത്തം, യോഗ തുടങ്ങിയവയിൽ ഏർപ്പെടുക. പടികൾ കയറുക, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക, പുസ്തകം വായിക്കുക, പാട്ട്‌ കേൾക്കുക, കളികളിൽ ഏർപ്പെടുക തുടങ്ങിയ നിർദേശങ്ങൾ അദ്ദേഹം നൽകുകയുണ്ടായി. കോവിഡ്‌ നമ്മളിൽനിന്ന്‌ ധാരാളം നഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും ഒന്നുചേരാനും ഒരുമിച്ച്‌ പഠിക്കാനും വളരാനും അത്‌ അവസരമുണ്ടാക്കുന്നെന്നും തെദ്രോസ്‌ കൂട്ടിച്ചേർത്തു.

 

പ്രധാനമന്ത്രി ബോറിസ് ജോൺസണും,ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ ജനങ്ങൾ കനത്ത ആശങ്കയിലാണ്. ബ്രിട്ടനില്‍ കൊറോണ അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണുള്ളത്. 14,543 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. 759 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുള്ളത്. ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരനും കഴിഞ്ഞദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്ന വൈറസിനെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് രാജ്യം.