ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : തളരാത്ത മനോവീര്യത്തിന്റെ അടയാളമാണ് ഡെബോറ ജെയിംസ്. മരണകിടക്കയിലും തന്നാൽ കഴിയുന്നതെല്ലാം ചെയ്യാൻ അവൾ ശ്രമിക്കുകയാണ്. അഞ്ചു വർഷമായി ബോവൽ കാൻസറിനോട് പടപൊരുതുന്ന ബിബിസി പോഡ്കാസ്റ്റ് അവതാരക ഡെബോറ സ്വരൂപിക്കുന്ന ബോവല്‍ ബേബ് ഫണ്ടില്‍ ഇതുവരെ എത്തിയത് അഞ്ചു മില്യൺ പൗണ്ട്. കാൻസർ രോഗികളുടെ ചികിത്സയ്ക്കും മരുന്നുകളുടെ ഗവേഷണത്തിനും കാൻസർ ബോധവൽക്കരണത്തിനുമായാണ് ഫണ്ട് സ്വരൂപിക്കുന്നത്. പ്രാരംഭ ലക്ഷ്യം 250,000 പൗണ്ട് ആയിരുന്നെങ്കിലും ഡെബോറയുടെ പോരാട്ടത്തിന് മുന്നിൽ ജനങ്ങൾ മനസറിഞ്ഞു സഹായിച്ചു. ഇന്നലെ ഒരു വിശിഷ്ടാതിഥി കൂടി ഡെബോറയെ തേടിയെത്തി. ഡെബോറയ്ക്ക് ഡെയിംഹുഡ് നല്‍കി ആദരിക്കുവാന്‍ അവരുടെ വീട്ടില്‍ നേരിട്ടത്തിയത് വില്യം രാജകുമാരനാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“വില്യം രാജകുമാരൻ ഇന്ന് ഞങ്ങളുടെ കുടുംബ വീട്ടിൽ വന്നിരുന്നു!! ഉച്ചയ്ക്ക് ശേഷം ചായയും ഷാംപെയ്നും കഴിക്കാൻ അദ്ദേഹം ഞങ്ങളോടൊപ്പം ചേർന്നതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹം സമയം ചെലവഴിച്ചു. ഡേംഹുഡ് നൽകി എന്നെ ആദരിക്കുകയും ചെയ്തു.” ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഡെബോറ ഇങ്ങനെ എഴുതി. ഇനിയും വിശ്വസിക്കാനാകാത്ത ഒരു സന്ദര്‍ശനം ആണിതെന്ന് ഡെബോറ പറയുന്നു. വില്യമും കാതറീനും ഡെബോറയുടെ ഫണ്ടിലേക്ക് സംഭാവന നൽകി.

ഡെബോറയുടെ ധീരതയ്ക്കുള്ള പ്രതിഫലമാണ് ഈ ഡെയിം പദവി. ഈ പദവി ആരെങ്കിലും അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് ഡെബോറ മാത്രമാണെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടത്. 2016-ല്‍ ബോവല്‍ കാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ട ഡെബോറ അന്നുമുതൽ ചികിത്സയിലായിരുന്നു. തന്റെ അവസാന നിമിഷങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവിടാൻ ആഗ്രഹിച്ച അവൾ, ആശുപത്രി ചികിത്സ മതിയാക്കി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. ആശുപത്രി വിടുന്നതിനു മുൻപ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഹൃദയഭേദകമായ കുറിപ്പ് ജനങ്ങളെ ആഴത്തിൽ സ്പർശിച്ചു. അവർ ഡെബോറയ്ക്ക് ഒപ്പം നിൽക്കുന്നു. പൊരുതാൻ ഉറച്ചു തന്നെ..