ആഴ്ചകളായി നിയന്ത്രണവിധേയമാക്കാനാവാതെ ഓസ്‌ട്രേലിയന്‍ കാട്ടുതീ ഒരു രാജ്യം മുഴുവന്‍ പടര്‍ന്നു പിടിച്ചത്. കൃത്യനിര്‍വഹണത്തിനിടെയാണ് അഗ്‌നി രക്ഷാസേനാംഗമായ ആന്‍ഡ്രൂ മരിച്ചത്. ധീരനായ ആന്‍ഡ്രൂവിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒന്നരവയസ്സുകാരിയായ മകള്‍ ഷാര്‍ലറ്റിലായിരുന്നു എല്ലാവരുടെയും കണ്ണുകള്‍ ഉടക്കിയിരുന്നത്.
തനിക്ക് സംഭവിച്ച നഷ്ടത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് അറിയാന്‍ പറ്റാത്ത പ്രായം. ആന്‍ഡ്രൂവിന് ധീരതയ്ക്ക് ലഭിച്ച മെഡല്‍ നെഞ്ചോട് ചേര്‍ത്ത് അണിയുകയും അവള്‍ അച്ഛന്റെ ഹെല്‍മെറ്റ് തലയിലും വെച്ചിരുന്നു. അന്ത്യകര്‍മങ്ങള്‍ക്കിടെ അവിടെനിന്ന് മാറാതെ നില്‍ക്കുന്ന ആ ഒന്നരവയസ്സുകാരിയുടെ മുഖമാണ് എല്ലാവരുടെയും കണ്ണുകളെ ഈറന്‍ അണിയിച്ചത്.
അഗ്‌നിബാധിത പ്രദേശത്ത് നിന്ന് മടങ്ങുന്നതിനിടെ ആന്‍ഡ്രൂ ഉള്‍പ്പെടെയുള്ള അഗ്‌നിരക്ഷാസേനാംഗങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് മരം വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് ആന്‍ഡ്രൂവും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ജെഫ്രി കീറ്റണും മരിച്ചത്.
ഹോസ് ലി പാര്‍ക്കിലെ ഔര്‍ ലേഡി ഓഫ് വിക്ടറീസ് ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ഷാര്‍ലറ്റ് ആന്‍ഡ്രൂവിന്റെ സമീപത്ത് തന്നെ നിലയുറപ്പിച്ചിരുന്നു. അച്ഛന്റെ ഹെല്‍മറ്റ് തലയില്‍ വച്ച് നിന്നിരുന്ന ഷാര്‍ലറ്റ്, ഹെല്‍മറ്റ് മറ്റാര്‍ക്കും നല്‍കാന്‍ ഒരുക്കമായിരുന്നില്ല. ചടങ്ങില്‍ ഷാര്‍ലറ്റിനൊപ്പം അമ്മ മെലിസയും ബന്ധുക്കളും ഉണ്ടായിരുന്നു. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ന്യൂ സൗത്ത് വെയ്ല്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറജിക് ലിയാന്‍, നൂറിലധികം അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റൂറല്‍ ഫയര്‍ സര്‍വീസ് ആന്‍ഡ്രൂവിന് മരണാനന്തരബഹുമതിയായി മെഡല്‍ സമ്മാനിച്ചു. ഷാര്‍ലറ്റിന്റെ വെള്ളയുടുപ്പില്‍ മെഡല്‍ കുത്തിക്കൊടുക്കുമ്പോള്‍ ആര്‍എഫ്എസ് കമ്മിഷണര്‍ ഷെയ്ന്‍ ഫിറ്റ് സൈമന്‍സ്, ആന്‍ഡ്രൂ ഒരു ഹീറോയാണ് എന്ന് ഷാര്‍ലറ്റിനോട് മന്ത്രിച്ചു. പള്ളിയില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെ അച്ഛന്റെ ശവമഞ്ചത്തിനരികെയിരിക്കുന്ന ഷാര്‍ലറ്റിന്റെ കുസൃതികള്‍ നൊമ്പരത്തിനൊപ്പം അവിടെയുണ്ടായിരുന്നവരില്‍ ആശ്വാസവുമേകി. എന്നാല്‍ ഷാര്‍ലറ്റ് ആന്‍ഡ്രൂവിന് അന്ത്യചുംബനമേകുന്ന കാഴ്ച അവരുടെയെല്ലാം കണ്ണുകള്‍ നിറച്ചിരുന്നു.
പള്ളിയില്‍ നിന്ന് ആന്‍ഡ്രൂവിന്റെ മൃതശരീരം പുറത്തേക്കെടുക്കുമ്പോള്‍ നൂറ് കണക്കിന് സഹപ്രവര്‍ത്തകര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. ഹൃദയഭാഗത്ത് കൈകള്‍ ചേര്‍ത്ത് ആന്‍ഡ്രൂവിനോട് അവര്‍ ആദരവും സ്നേഹവും പ്രകടിപ്പിച്ചു.
Leave a Reply