ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ റോയൽ മിന്റ് കോർട്ട് മേഖലയിലുള്ള ചൈനയുടെ മെഗാ എംബസി പദ്ധതിയെ കുറിച്ചുള്ള അന്തിമ തീരുമാനം വീണ്ടും മാറ്റിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . യുകെയിലെ ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് ഒക്ടോബർ 21- ന് തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അത് ഇപ്പോൾ ഡിസംബർ 10 – ലേക്ക് നീട്ടിയിരിക്കുകയാണെന്ന വാർത്തകൾ ആണ് പുറത്തു വന്നിരിക്കുന്നത് . പൂർത്തിയായാൽ 20,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ നിർദ്ദിഷ്ട എംബസി യൂറോപ്പിലെ ഏറ്റവും വലുതായിരിക്കും. 2018 – ൽ ചൈന 255 മില്യൺ പൗണ്ട് ചെലവിട്ടാണ് ഈ സ്ഥലം വാങ്ങിയത് . എന്നാൽ സുരക്ഷാ ഭീഷണികളും ചാരപ്രവർത്തന ആശങ്കകളും കാരണം ഈ പദ്ധതി തുടക്കം മുതൽ തന്നെ വിവാദത്തിലായിരുന്നു.
സുരക്ഷാ ഏജൻസികളും വിദേശകാര്യ മന്ത്രാലയവും ഇപ്പോഴും വിശദമായ അഭിപ്രായങ്ങൾ സമർപ്പിക്കാത്തതിനാലാണ് നടപടികൾ വൈകുന്നത് . എംബസി സ്ഥിതി ചെയ്യാനിരിക്കുന്ന പ്രദേശം ഫൈബർ ഒപ്റ്റിക് കേബിളുകൾ കടന്നുപോകുന്ന പ്രധാന മേഖലയായതിനാൽ ചൈനീസ് ഏജൻസികൾ ചാരപ്രവർത്തനം നടത്താമെന്ന ഭയം വിവിധ തലങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട് . മുൻ ഹൗസിംഗ് സെക്രട്ടറി ആഞ്ചല റൈനർ ചൈനയുടെ പ്ലാനിലെ ചില മുറികൾ “സുരക്ഷാ കാരണങ്ങളാൽ” വെളിപ്പെടുത്താത്തതിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ഇതേ പദ്ധതിയെ ടവർ ഹാംലെറ്റ്സ് കൗൺസിൽ 2022ൽ സുരക്ഷാ കാരണങ്ങളാൽ നിരസിച്ചിരുന്നു. എന്നാൽ 2024 ഓഗസ്റ്റിൽ ചൈന അതേ രൂപത്തിലുള്ള അപേക്ഷ വീണ്ടും സമർപ്പിച്ചു. പിന്നാലെ സർക്കാർ അത് നേരിട്ട് ഏറ്റെടുത്തു. ചൈനീസ് എംബസി ഈ പദ്ധതിയിലൂടെ ചൈന-ബ്രിട്ടൻ സഹകരണം ശക്തമാകുമെന്ന് വ്യക്തമാക്കി. എന്നാൽ കൺസർവേറ്റീവ് പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും ദേശീയ സുരക്ഷയുടെ പേരിൽ പദ്ധതി തള്ളണമെന്ന് ആവശ്യപ്പെട്ടു. എം.ഐ.5 മേധാവിയും മുൻ സർക്കാർ ഉപദേഷ്ടാക്കളും ഇത് ചാരപ്രവർത്തന കേന്ദ്രമാകുമെന്ന മുന്നറിയിപ്പ് നൽകി. അതിനാൽ തന്നെ പദ്ധതിയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
Leave a Reply