ഭാര്യയെ മകന്റെ കണ്മുന്നിലിട്ട് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് മണ്ണാർക്കാട് കാരാകുറിശ്ശി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടിൽ 30കാരനായ അവിനാഷ് ആണ് 28കാരിയായ ഭാര്യ ദീപികയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഇവരുടെ ഏകമകനാണ് ഐവിൻ. ദമ്പതിമാർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ പ്രതിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ 8.45-ഓടെയായിരുന്നു അതിദാരുണമായ കൊലപാതകം നടന്നത്. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മവെയ്ക്കാൻ ശ്രമിച്ചു. എന്നാൽ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്ക്കേണ്ടെന്ന് ഭാര്യ ദീപിക പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയതെന്ന് പോലീസ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോയമ്പത്തൂർ സ്വദേശിയാണ് ദീപിക. വർഷങ്ങളായി ബംഗളൂരുവിൽ താമസിച്ചിരുന്ന ദമ്പതിമാർ രണ്ടുമാസം മുമ്പാണ് നാട്ടിൽ താമസം തുടങ്ങിയത്.

അഗ്‌നിരക്ഷാസേനയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാഷ്. ഇയാൾ മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്. രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെ കെട്ടിപിടിച്ചു കരയുന്ന കുഞ്ഞിന്റെ മുഖം ഓടിയെത്തിയ നാട്ടുകാർക്കും തീരാ ദുഃഖമായി.