ഡോക്ടർ എ. സി. രാജീവ് കുമാർ
ആരോഗ്യരക്ഷയാണ് ആയുർവേദത്തിന്റെ ദർശനം. ആരോഗ്യസംരക്ഷണമാണ് ലക്ഷ്യം. രോഗരഹിതമായ ദീർഘായുസ്സ് നേടുന്നതിനുള്ള ധർമാർത്ഥകാമ മോക്ഷ പ്രാപ്തിയാണ് ദൗത്യം.. ഇതിനായി ആരോഗ്യം ഉള്ള ഒരുവന്റെ ആരോഗ്യം സംരക്ഷിക്കുകയും, അകമേ നിന്നും പുറമെ നിന്നുമുള്ള കാരണങ്ങളാൽ ഉണ്ടാകുന്ന രോഗങ്ങളെ അകറ്റുകയും ആണ് ആയുർവ്വേദം കൊണ്ട് സാധിക്കേണ്ടത്.ദീർഘായുസ്സിന് ആയുർവ്വേദം എന്നതാണ് ഈ വർഷത്തെ ദേശീയ ആയുർവേദ ദിന സന്ദേശം. 2016 മുതൽ ധന്വന്തരി ജയന്തി ദിനം ആയുർവേദ ദിനമായി ആചരിച്ചു ഭാരതത്തിൽ വരുന്നു. ഈ വർഷം ഓക്ടോബർ 25 വെള്ളിയാഴ്ചയാണ് ആ സുദിനം.
ദീർഘായുസ്സാഗ്രഹിക്കുന്നവർ ധർമ്മാധിഷ്ഠിതമായി ജീവിതം നയിച്ചാൽ മാത്രമേ സുഖം അനുഭവിക്കാൻ ആവൂ. ധർമാർത്ഥ കാമമോക്ഷപ്രാപ്തിയാണ് മനുഷ്യ ജീവിതം കൊണ്ട് നേടേണ്ടത്. അതു സാധ്യമാവാൻ ശരീര മനസുകളുടെ ആരോഗ്യം കൂടിയേ തീരു. രാഗം ദ്വേഷം ഭയം ക്രോധം മദം മോഹം മത്സരം എന്നിവ രോഗമായോ രോഗകാരണമായോ തീരുമെന്ന് പറഞ്ഞ അതിപുരാതന വൈദ്യശാസ്ത്രമാണ് ആയുർവ്വേദം. ശാരീരികവും മാനസികവും സാമൂഹികവും ആത്‌മീയവുമായ ആരോഗ്യം കരഗതമാകാൻ അനുഷ്ഠിക്കേണ്ട ജീവിതചര്യ ഏറെ പ്രാധാന്യത്തോടെ വിശദമാക്കുന്നുണ്ട്. ധാർമിക ചര്യാക്രമങ്ങൾക്ക് ആരോഗ്യ പരിപാലനത്തിൽ വളരെ പ്രാധാന്യം ഉണ്ടെന്ന് അറിഞ്ഞ ശാസ്ത്രമാണിത്.
ആഹാരവും നിദ്രയും ബ്രാഹ്മചര്യവും വ്യായാമവും ആരോഗ്യത്തിന്റെ അടിസ്ഥാന ശിലകളായി ആയുർവ്വേദം കരുതുന്നു. എപ്പോൾ എവിടെ വെച്ച് എങ്ങനെ എത്രമാത്രം എന്ത് ആഹാരം ഒരിരുത്തരും കഴിക്കണം എന്ന് വിശദമാക്കുന്നുണ്ട്. വ്യായാമത്തിന്റെ പ്രാധാന്യവും, ഒരുവന് ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ വ്യായാമം ഏതെല്ലാം എന്നും എത്ര മാത്രം ആവാമെന്നും പറയുന്നു. അമിത വ്യായാമം വരുത്തുന്ന ഉപദ്രവങ്ങൾ എന്തെല്ലാം എന്നും നിർദേശിക്കുന്നുണ്ട്. ഉറക്കം ശരീര മനസുകളുടെ ആരോഗ്യകാര്യത്തിൽ വഹിക്കുന്ന വലിയ പങ്ക് എന്തെന്നും ഉറങ്ങാതിരുന്നാലും കൂടുതൽ ഉറങ്ങിയാലും പകൽ ഉറങ്ങിയാലും എന്തൊക്ക സംഭവിക്കുമെന്നും പഠിപ്പിക്കുന്നുണ്ട്.
പഠനകാലം ബ്രഹ്മചര്യാനുഷ്ടാന കാലമായാണ് കരുതിവന്നത്. ഇക്കാലത്ത് ആരോഗ്യത്തിന് ഇതാവശ്യമായിട്ടാണ് പറയുന്നത്. ശരിയായ ലൈംഗികതയെയും അതിന്റെ ആരോഗ്യ കാര്യത്തിലുള്ള സ്വാധീനവും ആവശ്യകതയും പഠിക്കാനുണ്ട്.
ശരീര വ്യവസ്ഥകളുടെ ശരിയായിട്ടുള്ള പ്രവർത്തനം, ശരീരത്തിലെ കർമനിർവഹണ ശക്തികളായ വാത പിത്ത കഫങ്ങളുടെ, പൊതുവെ ത്രിദോഷങ്ങളെന്ന് അറിയപ്പെടുന്നവയുടെ സന്തുലിതമായ പ്രവർത്തനം ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകമായി പറയുന്നു.ദഹന പചന ആഗീരണ പ്രക്രിയ ഏറ്റവും ഉത്തമമായി നടക്കുക. രസം രക്തം മാംസം മേദസ് അസ്ഥി മജ്ജ ശുക്ലം എന്നീ സപ്തധാതുക്കളുടെയും ആവശ്യത്തിനുള്ള നില, മലം മൂത്രം വിയർപ്പ് എന്നിവയുടെ ആരോഗ്യകരമായ വിസർജനം, എല്ലാ ഇന്ദ്രിയങ്ങളുടെയും വിഷയങ്ങളായ ശബ്ദസ്പർശ രൂപരസഗന്ധങ്ങൾ ശരിയായിഗ്രഹിക്കാനാവുക, ആത്മാവും മനസും പ്രസന്നത നിലനിർത്തുകയയും ചെയ്യുമ്പോഴാണ് സ്വാസ്ഥ്യം അഥവാ ആരോഗ്യം എന്ന് ആയുർവ്വേദം പറയുക. ഇതു സാധ്യമാക്കാനായി എങ്ങനെ ആണ് ഒരുവൻ ഓരോ ദിനവും തുടങ്ങേണ്ടത് എന്തെല്ലാം ചെയ്യണം എപ്പോൾ ചെയ്യണം എങ്ങനെ ആവണം എന്നൊക്കെ ദിനചര്യയിലൂടെയും കാലാവസ്ഥാ വ്യതിയാനം നേരിടാൻ വെണ്ടത് ഋതുചര്യയിലൂടെയും നമുക്ക് വെളിപ്പെടുത്തുന്നു. ദേശകാലാവസ്ഥാനുസൃതമായ ജീവിതം ആഹാരവിഹാരങ്ങൾ ശീലിച്ചുകൊണ്ട് ആരോഗ്യം കാത്തു സൂക്ഷിച്ചു ദീർഘായുസ്സ് നേടാൻ ആവും.
ആയുർവേദ ജീവിതശൈലി ദീർഘായുസിനുള്ള മാർഗം തുറക്കുന്നു. അതെ ആയുർവ്വേദം ദീർഘായുസ്സിന് തന്നെ.
Leave a Reply